
ന്യൂഡൽഹി: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം 31ന് അവസാനിക്കാനിരിക്കെ ഫയലിങ് പോർട്ടലിലെ തകരാറുകൾ കല്ലുകടിയാകുന്നു. ആദായനികുതി പോർട്ടലിലെ പ്രശ്നങ്ങൾ രൂക്ഷമായതിനു പിന്നാലെ ഈ മാസം ആദ്യം പരിപാലനച്ചുമതലയുള്ള ഇൻഫോസിസിന് കേന്ദ്രം നിർദേശം നൽകിയിരുന്നു. എന്നാൽ രണ്ടാഴ്ചയോളം കഴിഞ്ഞിട്ടും തകരാറുകൾ തുടരുകയാണ്. ലോഗിൻ ചെയ്യാൻ കൂടുതൽ സമയം, ടിഡിഎസ്–ടിസിഎസ് വിവരങ്ങൾ വരാതിരിക്കുക,
ആധാർ ഒടിപി ലഭിക്കുന്നതിലെ താമസം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് സംഘടനകൾ കേന്ദ്രസർക്കാരിനു കഴിഞ്ഞ ദിവസം നിവേദനം നൽകി. സാങ്കേതികപ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിൽ സമയപരിധി നീട്ടണമെന്നും ആവശ്യമുണ്ട്.ഈ മാസം 7 വരെയുള്ള കണക്കനുസരിച്ച് 99.2 ലക്ഷം റിട്ടേണുകളാണ് ഫയൽ ചെയ്തിരിക്കുന്നത്. 5.89 കോടി റിട്ടേണുകളാണ് കഴിഞ്ഞ വർഷം ഫയൽ ചെയ്യപ്പെട്ടത്. ഏകദേശം 5 കോടിയാളം റിട്ടേണുകളാണ് ഇനി സമർപ്പിക്കാനുള്ളത്. കഴിഞ്ഞ വർഷം പോർട്ടലിന്റെ പ്രശ്നം മൂലം ഡിസംബർ 31 വരെ സമയം അനുവദിച്ചിരുന്നു.