മോദിയുടെ സ്വർണം വാങ്ങൽ നിർദേശം; പഴയ സ്വർണം വിറ്റ് പണമാക്കാൻ തിരക്ക്ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നുവിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽഎണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്തെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി അടിമുടി പരിഷ്‌കരിക്കണമെന്ന് ആവശ്യം

രാജ്യത്തെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതി (ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം) അടിമുടി പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി സ്വര്‍ണ്ണവ്യാപാരികളുടെയും സ്വര്‍ണ്ണപ്പണിക്കാരുടെയും സംഘടനകള്‍ രംഗത്ത്. വീടുകളില്‍ വെറുതെ ഇരിക്കുന്ന സ്വര്‍ണ്ണം കൃത്യമായി വിനിയോഗിച്ചാല്‍ ഏകദേശം 90 ബില്യണ്‍ ഡോളര്‍ (ഏകദേശം 7.5 ലക്ഷം കോടി രൂപ) വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

സ്വര്‍ണ്ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ സ്വര്‍ണ്ണ വിപണിയെയും അനുബന്ധ മേഖലകളെയും ആശ്രയിച്ചു കഴിയുന്ന 3.5 കോടി ജനങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍, ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ് സ്മിത്ത് ഫെഡറേഷന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പകരമായാണ് സ്വര്‍ണ്ണ നിക്ഷേപ പദ്ധതി കാര്യക്ഷമമാക്കാന്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.

എന്തുകൊണ്ട് നിലവിലെ പദ്ധതി പരാജയപ്പെട്ടു?
2015-ലാണ് സ്വര്‍ണ്ണ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജി.എം.എസ് അവതരിപ്പിച്ചത്. കൈവശമുള്ള സ്വര്‍ണ്ണം ബാങ്കില്‍ നിക്ഷേപിച്ച് 2.25 മുതല്‍ 2.5 ശതമാനം വരെ പലിശ നേടാനുള്ള അവസരമായിരുന്നു ഇത്. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം 2025 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം വെറും 38 ടണ്‍ സ്വര്‍ണ്ണം മാത്രമാണ് പദ്ധതിയുടെ ഭാഗമായത്. ഇന്ത്യക്കാരുടെ കൈവശം ഏകദേശം 25,000 ടണ്‍ സ്വര്‍ണ്ണമുണ്ടെന്നാണ് കണക്ക്.

പാരമ്പര്യമായി ലഭിച്ച ആഭരണങ്ങള്‍ ഉരുക്കി നിക്ഷേപിക്കാന്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ മടിക്കുന്നുവെന്നും സ്വര്‍ണ്ണത്തിന്റെ ഉറവിടം സംബന്ധിച്ച ആദായനികുതി പരിശോധനകളും രേഖാമൂലമുള്ള നൂലാമാലകളും ആളുകളെ അകറ്റി നിര്‍ത്തിയെന്നും പദ്ധതി പരാജയപ്പെടാന്നുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സ്വര്‍ണ്ണ നിക്ഷേപം കൈകാര്യം ചെയ്യുന്നത് ബാങ്കുകള്‍ക്ക് വലിയ ലാഭകരമല്ലാത്തതിനാല്‍ അവര്‍ ഇതിന് വലിയ പ്രോത്സാഹനം നല്‍കിയില്ലെന്നും സ്വര്‍ണ്ണവില വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന അധിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വന്നതും പദ്ധതിക്ക് തിരിച്ചടിയായി.

എന്നാൽ, നിലവിലെ ഈ പ്രതിസന്ധി മറികടക്കാനും ചില നിര്‍ദ്ദേശങ്ങള്‍ സംഘടനകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അംഗീകൃത ജ്വല്ലറികളെ സ്വര്‍ണ്ണം സ്വീകരിക്കാനും പരിശുദ്ധി പരിശോധിക്കാനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റണം.

ആഭരണങ്ങള്‍ ഉരുക്കാതെ തന്നെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും പലിശ ലഭ്യമാക്കുകയും ചെയ്യുന്ന രീതി കൊണ്ടുവരണം. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ വെളിപ്പെടുത്തുന്ന സ്വര്‍ണ്ണത്തെ ആദായനികുതി പരിശോധനയില്‍ നിന്ന് ഇളവ് നല്‍കണം എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണ്ണത്തിന്റെ അഞ്ച് ശതമാനമെങ്കിലും ഇത്തരത്തില്‍ നിക്ഷേപമായി മാറ്റാന്‍ സാധിച്ചാല്‍ അത് രാജ്യത്തെ സാമ്പത്തിക രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കും. ഏകദേശം രണ്ട് വര്‍ഷത്തേക്ക് സ്വര്‍ണ്ണ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിച്ചേക്കും.

ഇറക്കുമതി കുറയുന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ശക്തിപ്പെടും. വീടുകളില്‍ വെറുതെ കിടക്കുന്ന സ്വര്‍ണം രാജ്യത്തിന്റെ വികസനത്തിന് ഉതകുന്ന മൂലധനമായി മാറും. പദ്ധതി പ്രായോഗികമായാല്‍ സ്വര്‍ണ്ണ വിപണിയെ തളര്‍ത്താതെ തന്നെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

X
Top