രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെപഞ്ചസാര കയറ്റുമതിക്ക് നിരോധനവുമായി കേന്ദ്രംകല്‍ക്കരി വാതകമാക്കും; 37,500 കോടി രൂപയുടെ വമ്പന്‍ പ്രോത്സാഹന പദ്ധതിക്ക് അനുമതിഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്മൊത്തവില സൂചിക 42 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

മൊത്തവില സൂചിക 42 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നു. ഏപ്രിലില്‍ 8.3 ശതമാനമെന്ന ഞെട്ടിക്കുന്ന നിരക്കിലേക്കാണ് പണപ്പെരുപ്പം എത്തിയത്.

കഴിഞ്ഞ 42 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മാര്‍ച്ചില്‍ ഇത് വെറും 3.88 ശതമാനമായിരുന്നു എന്നതിലൂടെ ഒരു മാസത്തിനിടെ ഉണ്ടായ വിലക്കയറ്റത്തിന്റെ തീവ്രത വ്യക്തമാകുന്നു. ഇന്ധന-ഊര്‍ജ്ജ മേഖലകളിലെ അനിയന്ത്രിതമായ വിലവര്‍ദ്ധനവാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ മാസത്തെ പണപ്പെരുപ്പത്തില്‍ ഏറ്റവും വലിയ വില്ലനായത് ഇന്ധന-ഊര്‍ജ്ജ വിഭാഗമാണ്. മാര്‍ച്ചില്‍ 1.05 ശതമാനം മാത്രമായിരുന്ന ഈ വിഭാഗത്തിലെ പണപ്പെരുപ്പം ഏപ്രിലില്‍ 24.71 ശതമാനമായി കുതിച്ചുയര്‍ന്നു. ക്രൂഡ് ഓയില്‍ വിലയില്‍ മാത്രം 88.06 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.

പെട്രോള്‍ (32.40%), ഡീസല്‍ (25.19%), എല്‍പിജി (10.92%) എന്നിവയുടെ വിലയിലുണ്ടായ വര്‍ദ്ധനവ് ചരക്കുനീക്കത്തെയും വ്യവസായങ്ങളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. മിനറല്‍ ഓയിലുകളുടെ വിലയിലുണ്ടായ 18.22 ശതമാനം വര്‍ദ്ധനവ് വിപണിയിലെ മൊത്തത്തിലുള്ള വിലക്കയറ്റത്തിന് ആക്കം കൂട്ടി.

ഇന്ധനവിലയ്ക്ക് പിന്നാലെ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വിലയും കുതിച്ചുയരുന്നത് ആശങ്കാജനകമാണ്. മാര്‍ച്ചിലെ 3.39 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 4.62 ശതമാനമായാണ് ഈ വിഭാഗത്തിലെ പണപ്പെരുപ്പം ഉയര്‍ന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 22 ഉല്‍പ്പാദന ഗ്രൂപ്പുകളില്‍ 21 എണ്ണത്തിനും വില വര്‍ദ്ധിച്ചു.

അടിസ്ഥാന ലോഹങ്ങള്‍, കെമിക്കലുകള്‍, തുണിത്തരങ്ങള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുടെ വിലയിലുണ്ടായ മാറ്റം നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുണിത്തരങ്ങള്‍ക്ക് 7.3 ശതമാനവും അടിസ്ഥാന ലോഹങ്ങള്‍ക്ക് 7 ശതമാനവും വില വര്‍ദ്ധിച്ചു.

മറ്റു മേഖലകള്‍ തീപ്പൊരി ചിതറുമ്പോഴും ഭക്ഷ്യവിലക്കയറ്റം താരതമ്യേന നിയന്ത്രണവിധേയമായി തുടരുന്നത് സാധാരണക്കാര്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നു. മാര്‍ച്ചിലെ 1.85 ശതമാനത്തില്‍ നിന്ന് നേരിയ തോതില്‍ വര്‍ദ്ധിച്ച് ഏപ്രിലില്‍ 2.31 ശതമാനമായാണ് ഭക്ഷ്യവിലക്കയറ്റം എത്തിയത്.

പഴങ്ങള്‍, മുട്ട, പാല്‍, പച്ചക്കറികള്‍ എന്നിവയ്ക്ക് നേരിയ വിലവര്‍ദ്ധനവ് ഉണ്ടായെങ്കിലും നിത്യോപയോഗ സാധനങ്ങളായ ഉള്ളി (-26.45%), ഉരുളക്കിഴങ്ങ് (-30.04%), പയര്‍വര്‍ഗ്ഗങ്ങള്‍ (-4.03%) എന്നിവയുടെ വില കുറഞ്ഞുനില്‍ക്കുന്നത് വിപണിയില്‍ ആശ്വാസകരമാണ്.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള വില സൂചികയില്‍ 3.86 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അസംസ്‌കൃത പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ ആഗോള വിപണിയിലെ ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയെയും നേരിട്ട് ബാധിച്ചിട്ടുണ്ട്.

ഇന്ധനവിലയിലെ ഈ കുതിച്ചുചാട്ടം വരും മാസങ്ങളില്‍ ഉപഭോക്തൃ വിലസൂചികയെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍. വരും ദിവസങ്ങളില്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും കടുത്ത നടപടികളിലേക്ക് കടക്കുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

X
Top