
ന്യൂഡൽഹി: ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിനുമായി 37,500 കോടി രൂപയുടെ വമ്പന്‍ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി. കല്‍ക്കരിയെ വാതകമാക്കി മാറ്റി എല്‍.എന്‍.ജി, യൂറിയ, മെഥനോള്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ഈ മെഗാ പദ്ധതി ലക്ഷ്യമിടുന്നത്. 2030-ഓടെ 100 ദശലക്ഷം ടണ്‍ കല്‍ക്കരി ഗ്യാസിഫൈ ചെയ്യുക എന്ന ദേശീയ ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണിത്.
ഈ പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകര്‍ക്ക് ദീര്‍ഘകാല പിന്തുണ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കല്‍ക്കരി ലിങ്കേജ് കാലാവധി 30 വര്‍ഷമായി നീട്ടിയിട്ടുണ്ട്. പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് യന്ത്രസാമഗ്രികളുടെ ചെലവിന്റെ 20% വരെ സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഏകദേശം 75 ദശലക്ഷം ടണ്‍ കല്‍ക്കരിയും ലിഗ്നൈറ്റും ഗ്യാസിഫിക്കേഷന് വിധേയമാക്കുന്നതിലൂടെ രാജ്യത്തിന്റെ വ്യവസായ മേഖലയില്‍ വന്‍ മാറ്റങ്ങളാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
നിക്ഷേപകര്‍ക്ക് കൈനിറയെ ആനുകൂല്യങ്ങള്‍ നല്‍കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒരു സിംഗിള്‍ പ്രോജക്റ്റിന് 5,000 കോടി രൂപ വരെയും, ഒരു കമ്പനി ഗ്രൂപ്പിന് വിവിധ പദ്ധതികളിലായി 12,000 കോടി രൂപ വരെയും സാമ്പത്തിക സഹായം ലഭിക്കും.
ലേലത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പദ്ധതികള്‍ക്ക് നാല് ഗഡുക്കളായാണ് തുക കൈമാറുക. തദ്ദേശീയ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉല്‍പ്പാദനവും ഈ പദ്ധതി ഉറപ്പാക്കുന്നു.പ്രതീക്ഷിക്കുന്നത് മൂന്ന് ലക്ഷം കോടി രൂപ നിക്ഷേപംലക്ഷക്കണക്കിന് കോടികളുടെ നിക്ഷേപമാണ് ഈ ഒറ്റ തീരുമാനത്തിലൂടെ ഇന്ത്യയിലേക്ക് ഒഴുകാന്‍ പോകുന്നത്.
ഏകദേശം 3 ലക്ഷം കോടി രൂപ വരെ നിക്ഷേപം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. കല്‍ക്കരി ഉല്‍പ്പാദന മേഖലകളില്‍ 25-ഓളം പുതിയ പദ്ധതികള്‍ വരുന്നതോടെ നേരിട്ടും പരോക്ഷമായും 50,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇത് പ്രാദേശിക സാമ്പത്തിക വളര്‍ച്ചയ്ക്കും വലിയ കരുത്താകും.
പരിസ്ഥിതി സൗഹൃദമായ ക്ലീന്‍ കല്‍ക്കരി സാങ്കേതികവിദ്യയിലേക്ക് മാറുന്നതിലൂടെ നെറ്റ് സീറോ ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടുതല്‍ അടുക്കും. സമൃദ്ധമായ കല്‍ക്കരി ശേഖരത്തെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയെ ഒരു ഊര്‍ജ്ജ സ്വയംപര്യാപ്ത രാഷ്ട്രമാക്കാനാണ് ഈ നീക്കം.
സിന്തറ്റിക് പ്രകൃതിവാതകം, രാസവളങ്ങള്‍ എന്നിവയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതോടെ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.






