രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെപഞ്ചസാര കയറ്റുമതിക്ക് നിരോധനവുമായി കേന്ദ്രംകല്‍ക്കരി വാതകമാക്കും; 37,500 കോടി രൂപയുടെ വമ്പന്‍ പ്രോത്സാഹന പദ്ധതിക്ക് അനുമതിഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്മൊത്തവില സൂചിക 42 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവ്

ന്യൂഡൽഹി: ഇന്ത്യക്കാരുടെ ഭക്ഷ്യ എണ്ണ ഉപയോഗം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുവെന്നും ഉപയോഗം നിയന്ത്രിക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനകള്‍ക്കുമിടെ, എണ്ണ ഇറക്കുമതിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി.

2025-26 എണ്ണ വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ ഇന്ത്യയുടെ ഭക്ഷ്യഎണ്ണ ഇറക്കുമതി 13 ശതമാനം വര്‍ധിച്ച് 79.4 ലക്ഷം ടണ്ണിലെത്തിയതായി സോള്‍വെന്റ് എക്‌സ്ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. പാം ഓയില്‍ ഇറക്കുമതിയിലുണ്ടായ വന്‍ കുതിച്ചുചാട്ടമാണ് ഇതിന് പ്രധാന കാരണം.

രണ്ടു ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2025-26 കാലയളവില്‍ മാത്രം ഏകദേശം 19.5 ബില്യണ്‍ ഡോളറാണ് പാചക എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ചെലവാക്കിയത്. ഭക്ഷ്യ എണ്ണയ്ക്കായി ഇത്രയധികം വിദേശ പണം പുറത്തേക്ക് ഒഴുകുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കുന്നു.

എണ്ണ ഉപയോഗം കുറയ്ക്കുന്നത് വിദേശ നാണ്യ ശേഖരം വര്‍ധിപ്പിക്കാനും ഇന്ത്യന്‍ രൂപയുടെ മൂല്യം സ്ഥിരപ്പെടുത്താനും സഹായിക്കും. ആരോഗ്യപരമായ കാരണങ്ങളാല്‍ എണ്ണ ഉപയോഗം കുറയ്ക്കണമെന്ന് മുന്‍പും ‘മന്‍ കി ബാത്തിലൂടെ’ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചിരുന്നു.

കണക്കുകള്‍ ഇങ്ങനെ:
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 70.4 ലക്ഷം ടണ്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. നവംബറില്‍ ആരംഭിച്ച് ഒക്ടോബറില്‍ അവസാനിക്കുന്നതാണ് ഇന്ത്യയുടെ എണ്ണ വര്‍ഷം. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ആറുമാസത്തെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 73,000 കോടി രൂപയായിരുന്നത് 19 ശതമാനം വര്‍ധിച്ച് 87,000 കോടി രൂപയിലെത്തി ഇറക്കുമതി മൂല്യം.

പാം ഓയില്‍ ഇറക്കുമതി 27.4 ലക്ഷം ടണ്ണില്‍ നിന്ന് 39.7 ലക്ഷം ടണ്ണായി ഉയര്‍ന്നു (ഏകദേശം ഇരട്ടി). സോയാബീന്‍, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതി 41.3 ലക്ഷം ടണ്ണില്‍ നിന്ന് 38.5 ലക്ഷം ടണ്ണായി കുറയുകയും ചെയ്തു.

വിലക്കയറ്റവും രൂപയുടെ ഇടിവും
പാചക എണ്ണയുടെ വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലിയ വര്‍ധനവാണുണ്ടായത്. പാം ഓയിലിന് 15 ശതമാനവും സോയാബീന്‍, സൂര്യകാന്തി എണ്ണകള്‍ക്ക് 17 മുതല്‍ 22 ശതമാനം വരെയും വില വര്‍ധിച്ചു. ഇതിനു പുറമെ, ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ 9.2 ശതമാനത്തിന്റെ ഇടിവ് ഇറക്കുമതി ചെലവ് വീണ്ടും കൂട്ടി. ഇത് എണ്ണ ശുദ്ധീകരണ മേഖലയിലുള്ളവര്‍ക്കും ഇറക്കുമതിക്കാര്‍ക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

എവിടെ നിന്ന് വരുന്നു?
ഇന്തോനേഷ്യയും മലേഷ്യയുമാണ് ഇന്ത്യയിലേക്ക് പാം ഓയില്‍ പ്രധാനമായും നല്‍കുന്നത്. സോയാബീന്‍ എണ്ണ അര്‍ജന്റീനയില്‍ നിന്നും ബ്രസീലില്‍ നിന്നും എത്തുമ്പോള്‍, സൂര്യകാന്തി എണ്ണയുടെ പ്രധാന സ്രോതസ് റഷ്യയും യുക്രൈനുമാണ്.

ഇതുകൂടാതെ അയല്‍രാജ്യമായ നേപ്പാളില്‍ നിന്ന് 2.17 ലക്ഷം ടണ്‍ ശുദ്ധീകരിച്ച എണ്ണയും ഇന്ത്യയിലെത്തി.

X
Top