
ന്യൂഡൽഹി: ഇന്ധനലഭ്യതയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്ലെന്ന് ആവർത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. 69 ദിവസത്തേക്കുള്ള ക്രൂഡോയിലും 45 ദിവസത്തേക്കുള്ള എൽപിജിയും സ്റ്റോക്ക് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എൽപിജി ഉൽപാദനം പ്രതിദിനം 35,000 ടൺ ആയിരുന്നത് 54,000 ടൺ ആയി ഉയർത്തി.
സംഘർഷം എത്രകാലം തുടരുമെന്ന അറിയാത്ത സാഹചര്യത്തിലാണ് നമ്മളിപ്പോഴെങ്കിലും മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വിലയിലും ലഭ്യതയിലും സ്ഥിരത ഉറപ്പാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി.
ക്രൂഡോയിൽ വിലയിൽ 50 ശതമാനത്തോളം വർധനയുണ്ടായിട്ടും ചില്ലറ ഇന്ധനവില കൂട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക എൽപിജി സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചെങ്കിലും യഥാർഥ വർധനയുടെ ഭാരം ജനങ്ങളിലേക്ക് കൈമാറിയിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.
പെട്രോളിന് ലീറ്ററിന് 14 രൂപയും ഡീസലിന് 42 രൂപയും എൽപിജിക്ക് 674 രൂപയുമാണ് കമ്പനികൾ നിലവിൽ നേരിടുന്ന നഷ്ടം.
ഈ പാദത്തിൽ ഏകദേശം ഒരു ലക്ഷം കോടി രൂപയോളമാണ് എണ്ണക്കമ്പനികൾക്കു നഷ്ടമുണ്ടാകുമെന്നാണു വിലയിരുത്തൽ. ഒരു പാദത്തിലെ നഷ്ടം, എണ്ണക്കമ്പനികൾക്ക് ഒരു വർഷം മുഴുവൻ ലഭിക്കുന്ന ലാഭം ഇല്ലാതാക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം എണ്ണക്കമ്പനികളുടെ ലാഭം 76,000 കോടി രൂപയാണെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇപ്പോൾ പ്രതിദിനം 1,000 കോടി രൂപയാണ് നഷ്ടം.
കഴിഞ്ഞ 4 വർഷത്തോളമായി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം മൂലം ക്രൂഡോയിൽ വിലയിലുണ്ടായ വർധനയുടെ ബാധ്യത നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ വഹിക്കുകയാണ്. എന്നാൽ എത്രകാലം ഇതുതുടരാൻ കഴിയുമെന്ന ആശങ്കയാണ് മന്ത്രി മുന്നോട്ടുവച്ചത്.
ലോക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയും മന്ത്രി തള്ളി. രാജ്യത്ത് എല്ലാ പെട്രോൾ പമ്പുകളിലും ഇന്ധനം ലഭ്യമാണെന്നും എൽപിജി വിതരണം പര്യാപ്തമാണെന്നും പുരി പറഞ്ഞു.






