
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് കേന്ദ്ര സർക്കാർ നിരോധനമേർപ്പെടുത്തി. അസംസ്കൃത ഷുഗർ, വെള്ള പഞ്ചസാര, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയുടെ കയറ്റുമതിക്ക് സെപ്റ്റംബർ 30 വരെ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നതുവരെയാണ് നിയന്ത്രണം.
ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്തലും വിലക്കയറ്റം തടയലുമാണ് ലക്ഷ്യം. മുൻപ് നിയന്ത്രിത വിഭാഗത്തിലായിരുന്ന പഞ്ചസാര കയറ്റുമതിയെ ഇപ്പോൾ നിരോധിത വിഭാഗത്തിലേക്ക് മാറ്റി. വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം മേയ് 13-ന് മുൻപ് ലോഡിങ് ആരംഭിച്ചതോ കസ്റ്റംസിന് കൈമാറിയതോ ആയ ചരക്കുകൾ കയറ്റിയയയ്ക്കാൻ അനുവാദമുണ്ട്. കൂടാതെ, മറ്റ് രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ പരിഗണിച്ച് ആ രാജ്യങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ സർക്കാർ പ്രത്യേക അനുമതി നൽകിയേക്കാം. യൂറോപ്യൻ യൂണിയൻ, യു.എസ്.എ. എന്നിവിടങ്ങളിലേക്കുള്ള നിലവിലെ കരാറുകൾ പ്രകാരമുള്ള കയറ്റുമതിയെ ഈ നിരോധനം ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
ആഭ്യന്തര തലത്തിലെ പഞ്ചസാരയുടെ കുറഞ്ഞ കരുതൽ ശേഖരമാണ് സർക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. 2025-26 സീസണിൽ 275 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.
പഴയ സ്റ്റോക്ക് കൂടി ചേർത്താൽ ആകെ 325 ലക്ഷം ടൺ ലഭ്യമാകും. എന്നാൽ രാജ്യത്തെ ആവശ്യത്തിനായി ഏകദേശം 280 ലക്ഷം ടൺ പഞ്ചസാര വേണ്ടിവരും. ഇതോടെ സ്റ്റോക്ക് 45 ലക്ഷം ടണ്ണായി കുറയും. ഇത് 2016-17 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്.
കൂടാതെ, എൽ നിനോ പ്രതിഭാസം കാരണം അടുത്തവർഷം മഴകുറയാനുള്ള സാധ്യതയും പശ്ചിമേഷ്യൻ പ്രതിസന്ധിമൂലം വളം ക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്കയും ഉത്പാദനത്തെ ബാധിക്കുമെന്ന് സർക്കാർ കരുതുന്നു. ബ്രസീലിനുശേഷം ലോകത്ത് പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.






