
ഊർജസുരക്ഷ, പ്രതിരോധം, സൈബർ സുരക്ഷ, നിർണായക സാങ്കേതികവിദ്യകളുടെ വിതരണ ശൃംഖലകൾ എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും ഓസ്‌ട്രേലിയയും. മെൽബണിൽ മൂന്നാമത് ഇന്ത്യ–ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടിയെത്തുടർന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും ഇന്ത്യ-ഓസ്‌ട്രേലിയ സംയുക്ത പ്രതിരോധ-സുരക്ഷാ സഹകരണ പ്രഖ്യാപനത്തിലും ഒപ്പുവെച്ചതിലൂടെ പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ബന്ധം ഗണ്യമായി വികസിപ്പിച്ചു. പ്രതിരോധം, സമുദ്രസുരക്ഷ, പ്രതിരോധ വ്യവസായം, നിർണായക സാങ്കേതികവിദ്യകൾ, പ്രാദേശിക സ്ഥിരത എന്നിവയിൽ കൂടുതൽ അടുത്ത സഹകരണം ഉറപ്പാക്കാനും പ്രഖ്യാപനം ഇരു രാജ്യങ്ങളെയും പ്രതിബദ്ധരാക്കും. ഇതിന് പുറമെ പ്രതിരോധ മന്ത്രിമാരുടെ വാർഷിക സംവാദം ആരംഭിക്കാനും, സായുധ സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.
സുരക്ഷിതമായ സമുദ്രാന്തരീക്ഷം നിലനിർത്തുന്നതിൽ ഏകോപനം ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയയുടെ മാരിടൈം ബോർഡർ കമാൻഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും തമ്മിൽ ഒരു ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പ്രതിരോധ സാമഗ്രികളും സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള ഒരു ധാരണാപത്രത്തിലേക്ക് പ്രവർത്തിക്കുന്നതടക്കം, തങ്ങളുടെ പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള ശക്തമായ സഹകരണം പ്രോത്സാഹിപ്പിച്ചുകൊണ്ട് പ്രതിരോധ വ്യവസായ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇരു രാജ്യങ്ങളും ധാരണയിലായി. ഇന്ത്യൻ മഹാസമുദ്ര റിം അസോസിയേഷൻ (IORA) മുഖേന ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും, സമുദ്രസുരക്ഷാ സംരംഭങ്ങൾ, തിരച്ചിൽ-രക്ഷാപ്രവർത്തന അഭ്യാസങ്ങൾ, ഇൻഡോ-പസഫിക് ഓഷ്യൻസ് ഇൻിഷ്യേറ്റീവിന് കീഴിലുള്ള സഹകരണം എന്നിവ ഉൾപ്പെടെ വികസിപ്പിക്കാനും ഇരു പക്ഷങ്ങളും സമ്മതിച്ചു. സമുദ്രമേഖലാ അവബോധം, ബ്ലൂ എക്കോണമി, സമുദ്ര മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ ഓസ്‌ട്രേലിയ-ഇന്ത്യ-ഇന്തോനേഷ്യ ത്രികക്ഷി സംവിധാനത്തിലൂടെ സഹകരണം ശക്തിപ്പെടുത്താനും, അതോടൊപ്പം ആസിയാൻ കേന്ദ്രസ്ഥാനത്തിനും, ഇൻഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാൻ ദർശനത്തിനും, പസഫിക് ദ്വീപസമൂഹ ഫോറത്തിനുമുള്ള പിന്തുണ ആവർത്തിച്ച് ഉറപ്പിക്കാനും ധാരണയായി.
ഇന്ത്യയിലേക്കുള്ള യൂറേനിയം കയറ്റുമതിക്ക് ഓസ്‌ട്രേലിയ അനുമതി നൽകിയത് ഉച്ചകോടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നായി. ഓസ്‌ട്രേലിയ-ഇന്ത്യ ആണവ സഹകരണ കരാർ പ്രാവർത്തികമാക്കുന്നതിനാവശ്യമായ ഭരണപരമായ ക്രമീകരണത്തിൽ ഇരു നേതാക്കളും ഒപ്പുവെച്ചു. ഇതിലൂടെ, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) സുരക്ഷാ മേൽനോട്ടത്തിൽ, സമാധാനപരമായ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് ദീർഘകാലത്തേക്കുള്ള ഓസ്‌ട്രേലിയൻ യൂറേനിയം കയറ്റുമതിക്ക് വഴി തുറന്നു. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിൽ (NSG) ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനുള്ള പിന്തുണയും ഓസ്‌ട്രേലിയ വീണ്ടും ആവർത്തിച്ചുറപ്പിക്കുകയുണ്ടായി.






