ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിദേശ നിക്ഷേപകര്‍ ഓഗസ്റ്റില്‍ നിക്ഷേപിച്ചത്‌ 49,250 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 49,250 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. തുടര്‍ച്ചയായി ഒന്‍പത്‌ മാസം ഇന്ത്യന്‍ വിപണിയില്‍ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജൂലായ്‌ മുതലാണ്‌ അറ്റനിക്ഷേപകരായി മാറിയത്‌.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന നടത്തിവരികയായിരുന്നു. 2021 ഒക്‌ടോബര്‍ മുതല്‍ 2022 ജൂണ്‍ വരെ 2.46 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്‌.

ഓഗസ്റ്റ്‌ ഒന്ന്‌ മുതല്‍ 26 വരെ 49,254 കോടി രൂപയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്‌. ഇത്‌ ഈ വര്‍ഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണ്‌.

ക്രൂഡ്‌ ഓയില്‍ വില കുറയുന്നത്‌ പണപ്പെരുപ്പം നിയന്ത്രാണാധീനമാകുന്നതിന്‌ വഴിവെക്കുമെന്ന പ്രതീക്ഷ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അറ്റനിക്ഷേപകരായി മാറിയതിന്‌ ഒരു കാരണമായി. ഓഹരി വിപണി ശക്തമായ തിരിച്ചുവരവ്‌ നടത്തിയപ്പോള്‍ കരടികള്‍ കാളകളായി മാറുന്നതാണ്‌ കണ്ടത്‌.

സെന്‍സെക്‌സും നിഫ്‌റ്റിയും ജൂണിലെ താഴ്‌ന്ന നിലവാരത്തില്‍ നിന്നും 17 ശതമാനം വരെ ഉയര്‍ന്നിരുന്നു. അതേ സമയം പലിശനിരക്ക്‌ വര്‍ധന തുടരുമെന്ന യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്‌താവനയെ തുടര്‍ന്ന്‌ ഓഹരി വിപണി ശക്തമായ ഇടിവ്‌ നേരിട്ട സാഹചര്യത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിലപാട്‌ എന്തായിരിക്കുമെന്നാണ്‌ അറിയേണ്ടത്‌.

കമ്മോഡിറ്റി വില, ഭൗമ രാഷ്‌ട്ര പ്രശ്‌നങ്ങള്‍, കോര്‍പ്പറേറ്റ്‌ ഫലങ്ങള്‍, പലിശനിരക്കിലെ വ്യതിയാനം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിലപാട്‌ തീരുമാനിക്കപ്പെടുന്നത്‌.

ഡോളര്‍ ശക്തിയാര്‍ജിക്കുമ്പോഴും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപം നടത്തിയത്‌ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വേറിട്ട പ്രകടനം കാഴ്‌ച വെക്കാനുള്ള സാധ്യതയെ കൂടി മുന്‍നിര്‍ത്തിയാണ്‌.

X
Top