
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള കയറ്റുമതി ഈവർഷം മേയ്-ജൂണിൽ 16.22 ശതമാനം ഉയർന്ന് 83.71 കോടി ഡോളറിലെത്തി. കഴിഞ്ഞവർഷത്തെ സമാനകാലത്ത് ഇത് 72.03 കോടി ഡോളറായിരുന്നു. മേയ് ഒന്നിന് പ്രാബല്യത്തിൽ വന്ന ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് (സെപ) കയറ്റുമതി വളർച്ചയ്ക്ക് കരുത്തായത്.
ഇന്ത്യയിൽ നിന്നുള്ള വസ്ത്രം, കാർഷികം, ആഭരണങ്ങൾ (ജെം ആൻഡ് ജുവലറി), ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവയ്ക്ക് യു.എ.ഇയിൽ നികുതിരഹിത വിപണി സാദ്ധ്യമാകുന്നു എന്നതാണ് സെപയുടെ നേട്ടം. സ്വർണാഭരണ കയറ്റുമതി മേയിൽ 62 ശതമാനവും ജൂണിൽ 59 ശതമാനവും ഉയർന്നു. മേയിൽ 13.52 കോടി ഡോളറിന്റെയും ജൂണിൽ 18.57 കോടി ഡോളറിന്റെയും സ്വർണാഭരണ കയറ്റുമതിയാണ് നടന്നത്.