
വാഷിങ്ടൺ: മിഡിൽ ഈസ്റ്റിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ആഗോള സാമ്പത്തിക വളർച്ചയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ലോകബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചാ നിരക്കായിരിക്കും വരും നാളുകളിൽ ലോകം സാക്ഷ്യം വഹിക്കുകയെന്ന് ലോകബാങ്ക് പുറത്തുവിട്ട ‘ഗ്ലോബൽ ഇക്കണോമിക് പ്രോസ്പെക്ട്സ്’റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഊർജ്ജ വിലയിലുണ്ടായ കുതിച്ചുചാട്ടം, വർധിച്ചുവരുന്ന പണപ്പെരുപ്പം, ഉയർന്ന പലിശനിരക്കുകൾ എന്നിവ ചൂണ്ടിക്കാട്ടി 2026ലെ ആഗോള വളർച്ചാ പ്രവചനം ലോകബാങ്ക് തിരുത്തിക്കുറിച്ചു. ജനുവരിയിൽ പ്രവചിച്ച 2.9 ശതമാനത്തിൽ നിന്നും 2.5 ശതമാനമായാണ് ഇത്തവണ വളർച്ചാ നിരക്ക് വെട്ടിക്കുറച്ചിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ മേഖലയിലെ സംഘർഷം വീണ്ടും വഷളാകാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമുണ്ടാക്കുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾക്ക് മറുപടിയായി ഇറാൻ ഹുർമുസ് കടലിടുക്ക് പൂർണമായി അടച്ചുപൂട്ടിയത് ആഗോള ഊർജ്ജ-വിതരണ ശൃംഖലയെ മൊത്തം പ്രതിസന്ധിയിലാക്കി.
അന്താരാഷ്ട്രതലത്തിൽ എണ്ണ-വാതക ഗതാഗതത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഈ പാത തടസ്സപ്പെട്ടതോടെ വിതരണ ശൃംഖല കനത്ത സമ്മർദത്തിലാണ്.
ഇതോടെ വരും ദിവസങ്ങളിൽ അന്താരാഷ്ട്ര എണ്ണവില സൂചികയായ ബ്രെന്റ് ക്രൂഡ് വില ഈ വർഷം ബാരലിന് ശരാശരി 94 ഡോളർ വരെ ഉയർന്നേക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം കൂടുതലാണ്.
കൂടാതെ രാസവളങ്ങളുടെ വിലയിൽ വലിയ വർധനവുണ്ടാകുമെന്നും ഇത് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതോടെ അടിസ്ഥാന വിഭവങ്ങൾ ലഭിക്കുന്നതിൽ വലിയ പ്രതിസന്ധി അഭിമുഖീകരിക്കണ്ടി വരുമെന്ന ആശങ്കയിലാണ് ലോകം. തന്ത്രപ്രധാനമായ ജലപാത അടഞ്ഞുകിടക്കുന്നത് ആഗോള പണപ്പെരുപ്പം കഴിഞ്ഞ വർഷത്തെ 3.3 ശതമാനത്തിൽ നിന്ന് ഈ വർഷം 4 ശതമാനമായി ഉയർത്തും.
ഊർജ്ജ വിതരണ തടസ്സങ്ങൾ ഇനിയും വഷളാകുകയാണെങ്കിൽ ആഗോള വളർച്ച 1.3 ശതമാനമായി കുത്തനെ ഇടിയാനും പണപ്പെരുപ്പം 4.4 ശതമാനത്തിലേക്ക് ഉയർന്നേക്കാനും സാധ്യതയുണ്ടെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നു. നിലവിലെ പ്രതിസന്ധിയിൽ ഏറ്റവും വലിയ തിരിച്ചടി നേരിടുക വികസ്വര രാജ്യങ്ങളാണ്.
ജനുവരിക്ക് ശേഷം മൂന്നിൽ രണ്ട് രാജ്യങ്ങളുടെയും വളർച്ചാ പ്രവചനങ്ങൾ ലോകബാങ്ക് താഴ്ത്തി നിശ്ചയിച്ചിട്ടുണ്ട്.
2027ൽ ആഗോള വളർച്ച 2.8 ശതമാനമായി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത് 2010കളിലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ളതിന്റെ ശരാശരിയേക്കാൾ 0.4 ശതമാനം കുറവായിരിക്കും.
ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാജ്യങ്ങൾക്ക് വികസിത രാജ്യങ്ങളുമായുള്ള പ്രതിശീർഷ വരുമാന വ്യത്യാസം കുറക്കാൻ കഴിഞ്ഞ ഒരു പതിറ്റാണ്ടായി കാര്യമായി സാധിച്ചിട്ടില്ലെന്ന ആശങ്കയും റിപ്പോർട്ട് പങ്കുവെക്കുന്നു.
മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന വികസ്വര രാജ്യങ്ങളെ സഹായിക്കാൻ ലോകബാങ്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 60 ശതകോടി ഡോളർ നീക്കിവെച്ചിട്ടുണ്ടെന്നും, പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ ഈ സഹായം 100 ശതകോടി ഡോളർ വരെയായി ഉയർത്തുമെന്നും ലോകബാങ്ക് അറിയിച്ചു.






