
ലോകത്തിലെ ഏറ്റവും വലിയ കപ്പൽഗതാഗത കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉപസ്ഥാപനമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (TiL), വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നു. ഈ വൻ കരാറിലൂടെ വിഴിഞ്ഞം തുറമുഖത്തിന്റെ ആകെ വിപണി മൂല്യം 2.85 ബില്യൺ ഡോളറായിട്ടാണ് (ഏകദേശം 24,000 കോടിയിലധികം രൂപ) നിർണയിക്കപ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം തുറമുഖത്തെ ഒരു ആഗോള ഷിപ്പിംഗ് ഹബ്ബാക്കി മാറ്റുന്നതിനും കൂടുതൽ അന്താരാഷ്ട്ര ചരക്കുകപ്പലുകളെ ആകർഷിക്കുന്നതിനും അദാനി ഗ്രൂപ്പിന്റെ പുതിയ പങ്കാളിത്തം നിർണ്ണായകമാകും.
തുറമുഖത്തിന്റെ വലിയൊരു പങ്ക് വിദേശ കമ്പനിക്ക് കൈമാറുമ്പോഴും, അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) കമ്പനിയുടെ 51 ശതമാനം ഓഹരികൾ കൈവശം വെക്കുമെന്ന് റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി. തുറമുഖത്തിന്റെ ഭരണനിർവ്വഹണ ബോർഡിന്റെ പൂർണ്ണ നിയന്ത്രണം അദാനി ഗ്രൂപ്പിന് തന്നെയായിരിക്കും. ഇതുകൂടാതെ, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ (AVPPL) തങ്ങളുടെ പ്രധാന അനുബന്ധ കമ്പനിയായി നിലനിർത്തുമെന്നും കമ്പനി അറിയിച്ചു.
ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റ ഡിന്റെ പുതിയ നിക്ഷേപ പങ്കാളിത്തം ഇന്ത്യൻ തുറമുഖ അടിസ്ഥാന സൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാണെന്ന് അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണും ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മുന്ദ്ര, എന്നൂർ കണ്ടെയ്നർ ടെർമിനലുകളിലെ വിജയകരമായ സംയുക്ത സംരംഭങ്ങൾക്ക് ശേഷം അദാനി പോർട്സും ടിഐഎല്ലും തമ്മിലുള്ള മൂന്നാമത്തെ വലിയ പങ്കാളിത്തമാണ് വിഴിഞ്ഞം പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്.






