
ഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും മൂലം 2026-27 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് രാജ്യാന്തര റേറ്റിങ് ഏജൻസിയായ എസ്&പി ഗ്ലോബലിന്റെ റിപ്പോർട്ട്. 2025-26 ൽ കണക്കാക്കിയ ജിഡിപി വളർച്ച 7.7 ശതമാനമായിരുന്നു. ഇന്ധനവില വർദ്ധനവും കാർഷിക ഉൽപ്പാദനത്തിലെ ഇടിവുമാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണങ്ങൾ. ഇന്ന് പുറത്തുവിട്ട ‘ഇക്കണോമിക് ഔട്ട്‌ലുക്ക് ഏഷ്യ-പസഫിക് 2026 തേർഡ് ക്വാർട്ടർ’ റിപ്പോർട്ടിലാണ് എസ്&പി ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗോള വളർച്ചയിലുണ്ടാകുന്ന മന്ദഗതി ഇന്ത്യയെ ബാധിക്കുമെന്നും ഏജൻസി വിലയിരുത്തുന്നു.
അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാർ പ്രഖ്യാപിച്ചതിനെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും, യുദ്ധത്തിന്റെ ആഘാതമേറ്റ മിഡിൽ ഈസ്റ്റിലെ എനർജി ഇൻഫ്രാസ്ട്രക്ച്ചറും അനുബന്ധ സംവിധാനങ്ങളും സാധാരണ നിലയിലാകുന്നത് വരെ ഊർജ്ജ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം, എൽ നിനോ പ്രതിഭാസം കാരണം 2026-ൽ രാജ്യത്ത് സാധാരണ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ മൺസൂൺ മാത്രമായിരിക്കും ലഭിക്കുകയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുമുണ്ട്. ഇക്കാലയളവിലെ മഴയുടെ ദീർഘകാല ശരാശരിയിൽ 10% കുറവുണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
2026-27 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച എസ്&പി ഗ്ലോബലിന്റെ പ്രവചനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടലുകളുമായും പൊരുത്തപ്പെടുന്നതാണ്. എന്നാൽ, അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.2 ശതമാനമായും, തുടർന്നുള്ള വർഷം 7 ശതമാനമായും മെച്ചപ്പെടുമെന്നും എസ്&പി ഗ്ലോബൽ പ്രതീക്ഷിക്കുന്നു.






