‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

കേരള ട്രാവല്‍ മാർട്ട് സെപ്റ്റംബർ 24 മുതൽ കൊച്ചിയിൽ

രാജ്യത്തെ ഏറ്റവും വലിയ ടൂറിസം വിപണന മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ (കെടിഎം) പതിമൂന്നാം എഡിഷന്‍ സെപ്റ്റംബര്‍ 24 മുതൽ 27 വരെ കൊച്ചിയില്‍ നടക്കും.  ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഉദ്‌ഘാടന ചടങ്ങ് നടക്കുക. മാര്‍ട്ടും അനുബന്ധ ബിസിനസ് മീറ്റുകളും സെപ്റ്റംബര്‍ 25 മുതല്‍ 27 വരെ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിൽ നടക്കും.

പുതിയ സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന ആദ്യത്തെ കേരള ട്രാവല്‍ മാര്‍ട്ടാണ് ഇത്തവണത്തേത്. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുത്തുന്നതിനായുള്ള കരട് രേഖ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ഇതു സംബന്ധിച്ച് ടൂറിസം പങ്കാളികളുമായി യോഗം ചേരും. ടൂറിസം മേഖലയില്‍ കേരളം മത്സരിക്കുന്നത് സംസ്ഥാനങ്ങളുമായല്ല, വിവിധ രാജ്യങ്ങളുമായിട്ടാണെന്നും മന്ത്രിവ്യക്തമാക്കി. 

“കേരളത്തിന്‍റെ പ്രധാന ടൂറിസം ഉല്‍പന്നങ്ങളായ ആയുര്‍വേദം, വെല്‍നസ്, മൈസ് എന്നിവയെ കുറേക്കൂടി ആകര്‍ഷകമാക്കി ലോകത്തിനു മുന്നില്‍ റീബ്രാന്‍ഡ് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആഗോള ടൂറിസം ഭൂപടത്തില്‍ കേരളത്തെ പ്രദര്‍ശിപ്പിക്കുന്നതില്‍ കെടിഎം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്‍റെ വിപണി കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.” ഉത്തരവാദിത്ത – അനുഭവവേദ്യ ടൂറിസത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും നിലവിലുള്ള ഉല്‍പന്നങ്ങള്‍ക്കു പുറമേ പുതിയ ടൂറിസം ഉല്‍പന്നങ്ങളും പദ്ധതികളും ആവിഷ്കരിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കെടിഎമ്മിന് ഏകദേശം മൂന്നു മാസം അവശേഷിക്കെ ഇതിനകം 2360 ബയര്‍ രജിസ്ട്രേഷനുകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 610 അന്താരാഷ്ട്ര ബയര്‍മാരും 1750 ആഭ്യന്തര ബയര്‍മാരും ഉള്‍പ്പെടുന്നു. ഇത് സര്‍വകാല റെക്കോര്‍ഡാണ്. 60 അന്താരാഷ്ട്ര മാധ്യമങ്ങളും 57 ആഭ്യന്തര മാധ്യമങ്ങളും ഉള്‍പ്പെടെ 117 മാധ്യമ രജിസ്ട്രേഷനുകള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞു. കൂടാതെ 366 സെല്ലര്‍മാരും (എക്സിബിറ്റേഴ്സ്), സ്പോണ്‍സര്‍ഷിപ്പ്-ഗവണ്‍മെന്‍റ് സ്റ്റാളുകളിലായി 25 പ്രതിനിധികളും മാര്‍ട്ടില്‍ പങ്കെടുക്കും. വാണിജ്യ കൂടിക്കാഴ്ചകള്‍, നയകര്‍തൃ യോഗങ്ങള്‍, ദേശീയ-അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍ തുടങ്ങിയവയും മൂന്ന് ദിവസത്തെ മാര്‍ട്ടിലുണ്ടാകും. 

സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 3 വരെ പന്ത്രണ്ട് വിവിധ മേഖലകളിലായാണ് പോസ്റ്റ്-മാര്‍ട്ട് ടൂറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട വിദേശ-ആഭ്യന്തര മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള ടൂര്‍ പരിപാടി മാര്‍ട്ടിന് മുന്‍പായി നടത്തും. പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുന്നു എന്നതാണ് ഇത്തവണത്തെ മാര്‍ട്ടിന്‍റെ മറ്റൊരു പ്രധാന സവിശേഷത. രജിസ്ട്രേഷന്‍, വാണിജ്യ (ബിടുബി) കൂടിക്കാഴ്ചകള്‍ തുടങ്ങി മാര്‍ട്ടിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റലാക്കും. ഇതിനായി പുതിയ  സോഫ്റ്റ്‌വെയറും മൊബൈല്‍ ആപ്പുമായിരിക്കും ഉപയോഗിക്കുക.

ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്‍ എം.അഞ്ജന, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ്, കെടിഎം പ്രസിഡന്‍റ് ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥന്‍, മുന്‍ പ്രസിഡന്‍റുമാരായ ബേബി മാത്യു, അബ്രഹാം ജോര്‍ജ്, ഇ. എം. നജീബ്, ട്രഷറര്‍  ജിബ്രാന്‍ ആസിഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പുതിയ വിപണികളില്‍ നിന്നും വിദേശ ബയര്‍മാരെ കൂടുതലായി കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും, നിലവിലുള്ള മാര്‍ക്കറ്റുകളില്‍ നിന്ന് പുതിയ ബയര്‍മാരെ കണ്ടെത്തി മാര്‍ട്ടില്‍ പങ്കെടുപ്പിക്കുന്നതിനും ഊര്‍ജിതമായ ശ്രമങ്ങള്‍ കെടിഎമ്മിന്‍റെ നേതൃത്വത്തില്‍ നടന്നുവരികയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

X
Top