
മുംബൈ: ഇവേക്കോ ഗ്രൂപ്പിനെ ഏറ്റെടുത്തതിലൂടെ ടാറ്റ മോട്ടോഴ്‌സ് കമേഴ്‌സ്യൽ വാഹന മേഖലയിൽ വലിയ വരുമാന വളർച്ച ലക്ഷ്യമിടുന്നതായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. കൊമെഴ്‌സ്യൽ വാഹന വില്പനയിലൂടെയുള്ള വരുമാന വളർച്ചയിൽ ഇവേക്കോ കമ്പനിയുടെ നെടുംതൂണാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റെടുക്കലിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമേഴ്‌സ്യൽ വാഹന മേഖലയിൽ 35 മുതൽ 40 ബില്യൺ ഡോളറിന്റെ മികച്ച വരുമാന വളർച്ചയാണ് ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം സെപ്റ്റംബറോടെ ഏറ്റെടുക്കലിന് അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രപരമായ ഈ തീരുമാനം, പരസ്പര പൂരകങ്ങളായ ഉൽപ്പന്നങ്ങളിലൂടെയും അത്യാധുനിക സാങ്കേതികവിദ്യകളിലൂടെയും ടാറ്റ മോട്ടോഴ്‌സിന്റെ ആഗോള സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നു.
ട്രക്കുകൾ, ബസുകൾ, വാണിജ്യ വാഹനങ്ങൾ, എഞ്ചിനുകൾ എന്നിവ നിർമിക്കുന്ന മുൻനിരയിലുള്ള ഒരു ഇറ്റാലിയൻ ബഹുരാഷ്ട്ര കമ്പനിയാണ് ഇവേക്കോ. ഇറ്റലിയിലെ ടൂറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, വാണിജ്യ വാഹന രംഗത്തെ ആഗോള ഭീമന്മാരിൽ ഒന്നാണ്. 3.8 ബില്യൺ യൂറോ (ഏകദേശം 4.5 ബില്യൺ ഡോളർ) മൂല്യമുള്ള കരാറിലൂടെയാണ് ടാറ്റ മോട്ടോഴ്‌സ് ഇവേക്കോ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നത്. ഈ ലയനത്തിലൂടെ ആഗോളതലത്തിൽ പ്രതിവർഷം ലക്ഷക്കണക്കിന് വാഹനങ്ങളുടെ ഉത്പാദന ശേഷി കൈവരിക്കാനും ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വാണിജ്യ വാഹന നിർമാതാക്കളാകാനും ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നു






