മുംബൈ: ഓഹരി വിപണിയിലെ ലാഭ നഷ്ടങ്ങളെ കുറിച്ച് ആധികാരികമല്ലാത്ത വിവരങ്ങൾ നൽകുന്ന ഇൻഫ്ലുൻസർമാർക്ക് താക്കീതുമായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ വീഡിയോ ഉൾപ്പടെ 15,000-ലധികം കണ്ടന്റുകൾ സെബി നീക്കം ചെയ്തു.
ഓഹരി വിപണിയിലേക്കെത്തുന്ന, എന്നാൽ വ്യാപാരത്തെ കുറിച്ച് ധാരണയില്ലാത്ത നിക്ഷേപകരെ ഇത്തരത്തിലുള്ള വിവരങ്ങൾ സ്വാധീനിച്ചേക്കാം. ഇതുമൂലം നിക്ഷേപകർക്ക് ഒരുപക്ഷെ കനത്ത നഷ്ടവും ഉണ്ടായേക്കാം. ഇതിൽ നിന്നെല്ലാം നിക്ഷേപകരെ സംരക്ഷിക്കുക എന്നുള്ളതാണ് സെബിയുടെ ലക്ഷ്യം.
സെബിയുടെ അഭ്യർത്ഥന പ്രകാരം ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ എല്ലാം തന്നെ ഇത്തരത്തിലുള്ള കണ്ടന്റുകൾ പിൻവലിച്ചിട്ടുണ്ട്. വിപണിയിൽ രജിസ്റ്റർ ചെയ്യാത്ത, ഓഹരി വിപണിയെ കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്ന ഇൻഫ്ലുൻസർമാർക്ക് ഇനി ഇത്തരത്തിലുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ കഴിയില്ല.
ഇത്തരത്തിൽ ധനകാര്യങ്ങളെ കുറിച്ച് സംവദിക്കുന്നവർ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും ധനഷ്ടം വരുത്തുകയുമാണ് ചെയ്യുന്നതെന്ന് സെബി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ ആണ് സെബി ഈ വിഷയത്തിൽ തീരുമാനം എടുത്തത്.
നിക്ഷേപകരിൽ നിന്നും ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതിനെ തുടർന്നാണ് നടപടിയെന്നും സെബി വ്യക്തമാക്കി. സാങ്കേതിക പ്ലാറ്റ്‌ഫോമുകളുമായി പ്രവർത്തിച്ച് കഴിഞ്ഞ 3 മാസത്തിനുള്ളിൽ 15,000-ലധികം സൈറ്റുകൾ നീക്കം ചെയ്തതായും സെബി അറിയിച്ചു.