
ന്യൂഡൽഹി: ഇരുരാജ്യത്തിനും വലിയതോതിൽ ഗുണം ലഭിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പിട്ട് ഇന്ത്യയും ന്യൂസീലൻഡും. യൂറോപ്യൻ യൂണിയന്റെ തുല്യപ്രാധാന്യം നൽകുന്ന രൂപത്തിൽ ഇന്ത്യക്ക് ന്യൂസീലൻഡ് സമ്പൂർണ തീരുവയിളവുനൽകി. ഇന്ത്യ 70 ശതമാനം ഉത്പന്നങ്ങളിൽ ന്യൂസീലൻഡിനും സമ്പൂർണ ഇളവ് അനുവദിച്ചു.
തിങ്കളാഴ്ച ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ന്യൂസീലൻഡ് വ്യാപാരമന്ത്രി ടോഡ് മക്ലേയുമാണ് കരാറിലൊപ്പിട്ടത്. രാജ്യത്തെ കർഷകർ, വനിതകൾ, യുവാക്കൾ, കരകൗശലവിദഗ്ധർ, സംരംഭകർ എന്നിവർക്ക് ഗുണം ലഭിക്കുന്നതാണ് കരാറെന്നും അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്കെത്തുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
കരാർ പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിനും വലിയ അവസരങ്ങൾ തുറക്കപ്പെടും. കുരുമുളക്, ഏലം അടക്കമുള്ള സുഗന്ധവ്യഞ്ജന വസ്തുക്കൾ, സമുദ്രോത്പന്നങ്ങൾ, കയർ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ കയറ്റുമതി തീരുവയില്ലാതെ നടത്താം.
ആയുർവേദത്തിന്റെ സാധ്യതകളും ഏറും.
ഒപ്പം ന്യൂസീലൻഡിൽ പഠിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ഇളവുകൾ ലഭിക്കും. ഇന്ത്യയുടെ കയറ്റുമതികൾക്ക് ന്യൂസീലൻഡിൽ 100 ശതമാനം നികുതിയിളവ് ലഭിക്കും. തുണിത്തരങ്ങൾ, റെഡി മെയ്ഡ് വസ്ത്രങ്ങൾ, തുകൽ ഉത്പന്നങ്ങൾ തുടങ്ങിയ തൊഴിൽമേഖലകൾക്ക് വലിയനേട്ടമാകും.
ഇതുവരെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ന്യൂസീലൻഡ് 10 ശതമാനംവരെ നികുതി ഈടാക്കിയിരുന്നു. ഇന്ത്യ നികുതിയിളവ് നൽകുന്ന 70.03 ശതമാനത്തോളം ചരക്കുവിഭാഗം ഇരുരാജ്യവും തമ്മിലുള്ള വ്യാപാരമൂല്യത്തിന്റെ 95 ശതമാനംവരും. ശേഷിക്കുന്ന 29.97 ശതമാനം ചരക്കുവിഭാഗങ്ങളെ ഇന്ത്യ സംരക്ഷിതപ്പട്ടികയിൽ നിലനിർത്തി.
പാൽ, ക്രീം, തൈര്, ചീസ് ഉൾപ്പെടെയുള്ള പാലുത്പങ്ങൾ, ആട്ടിറച്ചി ഒഴികെയുള്ള മൃഗോത്പന്നങ്ങൾ, ഉള്ളി, കടല, പയർ, ചോളം, ബദാം തുടങ്ങിയ കൃഷി ഉത്പന്നങ്ങൾ, പഞ്ചസാര, കൃത്രിമത്തേൻ, ആയുധങ്ങൾ, രത്നാഭരണങ്ങൾ, ചെമ്പും അലുമിനിയവും ഉൾപ്പെടെയുള്ള ചില ലോഹ ഉത്പന്നങ്ങൾ എന്നിവയാണിവ.
ന്യൂസീലൻഡിലെ 30 ശതമാനം ചരക്കുവിഭാഗങ്ങളിൽ ഇന്ത്യ ഉടൻ നികുതി ഒഴിവാക്കും. മരപ്പണികൾ, കമ്പിളി, ആട്ടിറച്ചി, അസംസ്കൃത തുകൽ എന്നിവ ഇതിൽപ്പെടുന്നു. കൂടാതെ 35.60 ശതമാനം ചരക്കുകളിൽ 3, 5, 7, 10 വർഷ ഘട്ടങ്ങളിലായി നികുതി ഒഴിവാക്കും.
പെട്രോളിയം, മാൾട്ട് എക്സ്ട്രാക്ട്, സസ്യ എണ്ണകൾ, ചില വൈദ്യുതി-യന്ത്ര ഉപകരണങ്ങൾ, പെപ്‌റ്റോൺസ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ന്യൂസീലൻഡിൽനിന്നുള്ള വൈൻ, ഔഷധങ്ങൾ, പോളിമറുകൾ, അലുമിനിയം, ഇരുമ്പ്-സ്റ്റീൽ ഉത്പന്നങ്ങൾ എന്നിവയ്ക്കും നികുതി ഇളവ് ലഭിക്കും.
കരാറിലെ മറ്റു നേട്ടങ്ങൾ
*വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ധനകാര്യ സേവനങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ 118 മേഖലകളിൽ ഇന്ത്യക്ക് വിപണിപ്രവേശം.
*പ്രൊഫഷണലുകൾക്ക് 5000 വിസ ക്വാട്ട (പരമാവധി മൂന്നുവർഷം താമസം). വിദ്യാർഥികൾക്ക് പ്രവേശനം. പഠനകാലത്ത് ആഴ്ചയിൽ 20 മണിക്കൂർ ജോലി ഉറപ്പ്.
*ബിരുദ-ബിരുദാനന്തര (ശാസ്ത്രം) വിദ്യാർഥികൾക്ക് മൂന്നുവർഷവും ഡോക്ടറേറ്റുകാർക്ക് നാലു വർഷവും പഠനാനന്തര ജോലി.
*വർഷംതോറും 1000 യുവാക്കൾക്ക് വർക്ക് ഹോളിഡേ വിസ.
*ഔഷധ-മെഡിക്കൽ ഉപകരണങ്ങൾക്ക് വേഗത്തിലുള്ള അനുമതി.
- ബൗദ്ധികസ്വത്തവകാശ കാര്യത്തിൽ ന്യൂസീലൻഡ് നിയമം ഭേദഗതി ചെയ്ത് ഇന്ത്യൻ ജിയോഗ്രഫിക്കൽ സൂചികകൾക്ക് സംരക്ഷണം നൽകും.
*ചരക്ക് ക്ലിയറൻസ് 48 മണിക്കൂറിനകം. നാശനഷ്ട സാധ്യതയുള്ള ചരക്കുകൾ 24 മണിക്കൂറിനകം വിട്ടയക്കും.






