എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

റബറിന്റെ ആഭ്യന്തര വില റിക്കാര്‍ഡിലേക്ക്; വിദേശത്തും റബര്‍ ക്ഷാമം

കോട്ടയം: റബര്‍ ഷീറ്റ് ആഭ്യന്തര വില റിക്കാര്‍ഡിലേക്ക്. കഴിഞ്ഞ ദിവസം ഒരു കിലോ ഷീറ്റ് 248.50 രൂപയ്ക്കുവരെ ഡീലര്‍മാര്‍ കര്‍ഷകരില്‍നിന്നു വാങ്ങി. ഡീലര്‍മാര്‍ ടയര്‍ കമ്പനികള്‍ക്ക് 250 രൂപയ്ക്ക് ചരക്ക് വിറ്റു.

റബര്‍ ബോര്‍ഡ് ആര്‍എസ്എസ് നാല് ഗ്രേഡിന് 243, ഗ്രേഡ് മൂന്നിന് 239 രൂപ നിരക്കിലാണ് തിങ്കളാഴ്ച്ച വില പ്രഖ്യാപിച്ചത്. മാര്‍ക്കറ്റില്‍ ഷീറ്റിന്‍റെ ലഭ്യതക്കുറവും ഡിമാന്‍ഡ് വര്‍ധനയുമുള്ളതിനാല്‍ ബോര്‍ഡ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ചരക്ക് വാങ്ങാന്‍ ഡീലര്‍മാര്‍ തയാറായി. വരുംദിവസങ്ങളിലും വിലക്കുതിപ്പ് തുടരുമെന്നാണ് സൂചന.

നടപ്പുവാരം ഷീറ്റ് വില 250 രൂപയിലെത്തി സര്‍വകാല റിക്കാര്‍ഡിലെത്തുന്ന സാഹചര്യമാണ്. വിദേശവില നിലവില്‍ 261 രൂപയിലേക്ക് ഉയര്‍ന്നതിനാല്‍ ആഭ്യന്തര വിലയില്‍ ഇടിവുണ്ടാകാനുള്ള സാഹചര്യമില്ല. ടയര്‍ കമ്പനികള്‍ക്ക് റബര്‍ കാര്യമായി സ്റ്റോക്കുമില്ല.

തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഉത്പാദനത്തില്‍ വലിയ കുറവുണ്ട്. കടുത്ത വേനല്‍ തുടരുന്നതിനാല്‍ ഒരു മാസം കൂടി ഉത്പാദനം നാമമാത്രമായിരിക്കും. വേനല്‍മഴ നന്നായി ലഭിക്കാതെ കര്‍ഷകര്‍ ടാപ്പിംഗ് പുനരാരംഭിക്കില്ല. ഷീറ്റിന്‍റെ തോതില്‍ ക്രംബിനും ഒട്ടുപാലിനും വില മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലാറ്റക്‌സിന് ഇന്നലെ നേരിയ വിലയിടവുണ്ടായി.

അതേസമയം, ഉത്പാദനം കുറഞ്ഞതും സ്‌റ്റോക്ക് ഷീറ്റുകള്‍ ഇല്ലാത്തതും കാരണം കര്‍ഷകര്‍ക്ക് നിലവിലെ റിക്കാര്‍ഡ് വിലവര്‍ധനവില്‍ യാതൊരു നേട്ടവും ലഭിക്കുന്നില്ല. കൃഷി ചെലവുകള്‍ ഉയരുകയും വരുമാനം അനിശ്ചിതമാവുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കൂടുതല്‍ ബാധ്യതയിലാവുകയാണ്.

അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയും ആഭ്യന്തര ഉത്പാദനക്കുറവും കൊണ്ടാണ് നിലവിലെ വിലമെച്ചത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. നിലവിലെ വില മെച്ചത്തിന്റെ നേട്ടം കഴിഞ്ഞ ആഴ്ചകളില്‍ ഷീറ്റ് സ്‌റ്റോക്ക് ചെയ്ത് ഇപ്പോഴത്തെ ഉയര്‍ന്ന നിരക്കില്‍ വില്‍ക്കാന്‍ സാധിക്കുന്ന ഡീലര്‍മാര്‍ക്കു മാത്രമാണ്.

X
Top