
ജിദ്ദ: കഴിഞ്ഞ സെപ്റ്റംബറിൽ സൗദി അറേബ്യയുടെ കൈവശമുള്ള യു.എസ് ട്രഷറി സെക്യൂരിറ്റികളുടെ മൂല്യം 5.33 ബില്യൺ ഡോളർ കുറഞ്ഞ് 135.9 ബില്യൺ ഡോളറായി. യു.എസ് ട്രഷറി വകുപ്പിന്റെ കണക്കുകൾ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആഗസ്റ്റിൽ 141.2 ബില്യൺ ഡോളറായിരുന്നു സൗദിയുടെ നിക്ഷേപം. യു.എസ് ട്രഷറി സെക്യൂരിറ്റികൾ കൈവശം വെച്ചിരിക്കുന്ന വിദേശ രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ 18-ാം സ്ഥാനത്താണ് നിലവിൽ സൗദി അറേബ്യ.
സൗദിയുടെ ആകെ നിക്ഷേപത്തിൽ 112.8 ബില്യൺ ഡോളർ (83 ശതമാനം) ദീർഘകാല സെക്യൂരിറ്റികളിലും, ബാക്കി 23.1 ബില്യൺ ഡോളർ (17 ശതമാനം) ഹ്രസ്വകാല സെക്യൂരിറ്റികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. ആഗോളതലത്തിൽ 1.06 ട്രില്യൺ ഡോളർ മൂല്യമുള്ള സെക്യൂരിറ്റികളുമായി ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. യുണൈറ്റഡ് കിങ്ഡം (985.8 ബില്യൺ ഡോളർ), ചൈന (563.9 ബില്യൺ ഡോളർ) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
അതേസമയം, വിദേശ നിക്ഷേപകർ കൈവശം വെച്ചിരിക്കുന്ന ആകെ യു.എസ് ട്രഷറി സെക്യൂരിറ്റികളുടെ മൂല്യം സെപ്റ്റംബറിൽ 75.5 ബില്യൺ ഡോളർ കുറഞ്ഞ് 9.24 ട്രില്യൺ ഡോളറിലെത്തി. ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്. ഇതോടെ വിദേശ നിക്ഷേപം ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.






