
ഡൽഹി: വിവാഹം, തീർത്ഥാടനം, പഠനയാത്രകൾ, കായിക-സാംസ്‌കാരിക പരിപാടികൾ തുടങ്ങിയ ആവശ്യങ്ങൾക്കായി സംഘം ചേർന്ന് ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ പരിഷ്കാരം.
ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങിന് ഏർപ്പെടുത്തിയിരുന്ന ബെർത്തുകളുടെ നിശ്ചിത പരിധി റെയിൽവേ എടുത്തുകളഞ്ഞു. പുതിയ നിയമപ്രകാരം ചീഫ് റിസർവേഷൻ സൂപ്പർവൈസർമാർക്കും സ്റ്റേഷൻ മാനേജർമാർക്കും പരിധിയില്ലാതെ ഗ്രൂപ്പ് ബുക്കിങ് അനുവദിക്കാം. നേരത്തെ സ്ലീപ്പർ കോച്ചുകളിൽ 50 ശതമാനവും എസി കോച്ചുകളിൽ 33 ശതമാനവും ബെർത്തുകൾ മാത്രമായിരുന്നു ഗ്രൂപ്പ് ബുക്കിങ്ങിന് അനുവദിച്ചിരുന്നത്.
പ്രധാന റിസർവേഷൻ കൗണ്ടറുകളിൽ രാവിലെ 9 മണി മുതൽ ഗ്രൂപ്പ് ബുക്കിങ് അപേക്ഷകൾ സ്വീകരിക്കും. സാധാരണ യാത്രക്കാർക്കുള്ള അഡ്വാൻസ് റിസർവേഷൻ ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷമാണിത്.
കൺഫേംഡ്, ആർ.എ.സി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾക്കും ഈ സൗകര്യം ലഭ്യമാണ്. യാത്രക്കാർ നേരിട്ട് ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് അപേക്ഷ സമർപ്പിക്കണം. ട്രാവൽ ഏജന്റുമാർ വഴി അപേക്ഷ നൽകാൻ അനുവാദമില്ല. എല്ലാ യാത്രക്കാരുടെയും പേര്, വയസ്സ്, ലിംഗം, വിലാസം, യാത്രയുടെ ഉദ്ദേശ്യം എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം.
മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകളും അതേ റിസർവേഷൻ ഓഫീസിൽ നിന്ന് ബുക്ക് ചെയ്യാമെങ്കിലും പ്രത്യേക ബുക്കിങ്ങായിട്ടായിരിക്കും പരിഗണിക്കുക.
ടിക്കറ്റ് പൂഴ്ത്തിവെപ്പും ദുരുപയോഗവും തടയാൻ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാനും അപേക്ഷകളിലും യാത്രക്കാരുടെ പട്ടികയിലും ഉദ്യോഗസ്ഥരുടെ ഒപ്പും സീലും രേഖപ്പെടുത്താനും നിർദേശമുണ്ട്. വിദേശ വിനോദസഞ്ചാരികൾക്കും എൻ.ആർ.ഐക്കാർക്കുമുള്ള നിലവിലെ ബുക്കിങ് ചട്ടങ്ങളിൽ മാറ്റമില്ല.






