
- 52 ലക്ഷം വിവാഹങ്ങളിലൂടെ വലിയ സാമ്പത്തിക ഉണർവെന്ന് സിഎഐടി
- ഇവന്റ് മാനേജ്മെന്റ്, ഗതാഗതം, ഫോട്ടോഗ്രാഫി, ഡെക്കറേഷൻ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകൾക്കും ഈ സീസൺ വലിയ ഉണർവാകും
മുംബൈ: വരാനിരിക്കുന്ന വിവാഹ സീസണിൽ രാജ്യത്ത് 7.5 ലക്ഷം കോടി രൂപയുടെ ബിസിനസ് നടക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കി. നവംബർ 21 മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിൽ ഏകദേശം 52 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് കണക്ക്.
ഇതിലൂടെ ആഭ്യന്തര ഉപഭോഗം കുതിച്ചുയരുമെന്നും ഏകദേശം 1.25 കോടി താൽക്കാലിക, സീസണൽ തൊഴിലവസരങ്ങൾ രൂപപ്പെടുമെന്നും സിഎഐടിയുടെ ഗവേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 25 സംസ്ഥാനങ്ങളിലെ 300-ലധികം വ്യാപാര പ്രമുഖരുമായും 550 വ്യാപാര സംഘടനകളുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ആകെ ബിസിനസിന്റെ 54 ശതമാനമായ 4.05 ലക്ഷം കോടി രൂപ ചരക്കുകളുടെയും റീട്ടെയിൽ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിലൂടെ ലഭിക്കും. ബാക്കി 46 ശതമാനമായ 3.45 ലക്ഷം കോടി രൂപ സേവന മേഖലയിൽ നിന്നാണ് പ്രതീക്ഷിക്കുന്നത്.
ഉൽപ്പന്ന വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് സ്വർണത്തിലും വിലപിടിപ്പുള്ള ലോഹങ്ങളിലുമാണ്. ഏകദേശം 1.2 ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കും. വസ്ത്രങ്ങൾ, സാരികൾ എന്നിവയുടെ വിപണിയിൽ 90,000 കോടി രൂപയുടെ വിൽപ്പന പ്രതീക്ഷിക്കുന്നു.
കാറ്ററിംഗ്, ഭക്ഷണ വിതരണ രംഗങ്ങളിൽ 75,000 കോടി രൂപയുടെ വരുമാനമാണ് കണക്കാക്കുന്നത്. വിവാഹ വേദികൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ എന്നിവയിലൂടെ 60,000 കോടി രൂപയുടെ ബിസിനസ് നടക്കും.
ഡൽഹി-എൻസിആർ മേഖലയിൽ മാത്രം ഏകദേശം അഞ്ച് ലക്ഷം വിവാഹങ്ങളിലൂടെ 2.5 ലക്ഷം കോടി രൂപയുടെ വ്യാപാരം നടക്കുമെന്ന് സിഎഐടി അറിയിച്ചു. ഇവന്റ് മാനേജ്മെന്റ്, ഗതാഗതം, ഫോട്ടോഗ്രാഫി, ഡെക്കറേഷൻ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകൾക്കും ഈ സീസൺ വലിയ ഉണർവാകും.
വിവാഹ സീസൺ കേവലം സാമൂഹിക-സാംസ്കാരിക ആഘോഷങ്ങൾ മാത്രമല്ലെന്നും, ലക്ഷക്കണക്കിന് വ്യാപാരികളെയും ചെറുകിട സംരംഭകരെയും കരകൗശല വിദഗ്ധരെയും ഒന്നിപ്പിക്കുന്ന ശക്തമായ സാമ്പത്തിക പ്രതിഭാസമാണെന്നും സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു.
ഡിജിറ്റൽ ക്ഷണക്കത്തുകൾ, ഓൺലൈൻ പേയ്മെന്റുകൾ, എഐ അധിഷ്ഠിത വെഡ്ഡിംഗ് പ്ലാനിംഗ് എന്നിവയുടെ വർധിച്ചുവരുന്ന ഉപയോഗം പുതിയ ബിസിനസ് അവസരങ്ങൾ തുറക്കുന്നുണ്ട്.
കുടുംബങ്ങൾ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകിയാൽ പ്രാദേശിക നിർമ്മാതാക്കൾക്കും കരകൗശല തൊഴിലാളികൾക്കും വലിയ നേട്ടമുണ്ടാകുമെന്നും സംഘടന വ്യക്തമാക്കി.






