
മുംബൈ: ആരോഗ്യ ഇൻഷുറൻസിൽ ചേർന്നവർക്ക് പണം ലഭിക്കുന്നത് കൂടുതൽ സുതാര്യമാക്കാനൊരുങ്ങി ഇൻഷുറൻസ് റെഗുലേറ്റി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ). നടപടിക്രമങ്ങൾ തത്സമയം നിരീക്ഷിക്കാനും ക്ലെയിമുകൾ നിരസിക്കപ്പെടുന്നതിനുള്ള കാരണങ്ങൾ ഏകീകരിക്കാനും പത്ത് ദിവസത്തിനുള്ളിൽ രണ്ട് വർക്കിങ് ഗ്രൂപ്പുകൾ രൂപവത്കരിക്കുമെന്ന് ചെയർമാൻ അജയ് സേത്ത് അറിയിച്ചു.
പ്രീ-ഓതറൈസേഷൻ, ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ്, അന്തിമ സെറ്റിൽമെന്റ് എന്നിവയുൾപ്പെടെയുള്ള ക്ലെയിം നടപടികൾ തത്സമയം ട്രാക്ക് ചെയ്യുന്നതിൽ ഒരു വർക്കിങ് ഗ്രൂപ് ശ്രദ്ധ കേന്ദ്രീകരിക്കും. രണ്ടാമത്തെ ഗ്രൂപ് ക്ലെയിമുകൾ കൈകാര്യം ചെയ്യുന്നതിലെയും പരാതി പരിഹരിക്കുന്നതിലുമടക്കം ഇടപെടുമെന്നും സി.ഐ.ഐ സമ്മേളനത്തിൽ അജയ് സേത്ത് പറഞ്ഞു.
ആദ്യത്തെ വർക്കിങ് ഗ്രൂപ് പോളിസി ഉടമകളുടെ അനുഭവങ്ങൾ പരിശോധിച്ച് വിലയിരുത്തും. നിലവിൽ ക്ലെയിം പൂർണമായോ ഭാഗികമായോ നിരസിക്കപ്പെടുന്നതിനുള്ള കാരണം രേഖപ്പെടുത്താറില്ല. നിരസിക്കാനുള്ള കാരണങ്ങൾ ഏകീകരിക്കുന്നത് ഇൻഷുറൻസ് കമ്പനികൾക്ക് തങ്ങളുടെ പ്രകടനം മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹെൽത്ത് ഇൻഷുറൻസ് കമ്പനികളും ആശുപത്രികളും തമ്മിലുള്ള വിശ്വാസക്കുറവ് പരിഹരിക്കുന്നതിനും പോളിസി ഉടമകളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.






