
ന്യൂഡൽഹി: 2035 ആകുമ്പോഴേക്കും ഇന്ത്യയുടെ പാചകവാതക ആവശ്യത്തിന്റെ വലിയൊരു പങ്കും ഇറക്കുമതിയെ ആശ്രയിച്ചായിരിക്കുമെന്ന് ആശ്രയിക്കേണ്ടിവരുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി(ഐഇഎ).
നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ആഭ്യന്തര ഉത്പാദനം 40 ശതമാനം മാത്രമാണ്. ഗ്യാസ് ഉപഭോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 2035-ഓടെ ഇറക്കുമതി പ്രതിദിനം 10 ലക്ഷം ബാരലിലെത്തുമെന്നാണ് വിലയിരുത്തല്‍. ഇത് രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് ആശങ്ക.
ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതിന്റെ അപകടം പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇന്ത്യയ്ക്ക് ബോധ്യപ്പെടുത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യത്തേക്കുള്ള പാചകവാതക ഇറക്കുമതി പകുതിയോളം കുറഞ്ഞു.
പ്രതിസന്ധി മറികടക്കാന്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും ലഭ്യമായ വാതകം ആദ്യം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് നല്‍കുകയും ചെയ്താണ് സര്‍ക്കാര്‍ സാഹചര്യം നിയന്ത്രിച്ചത്. ആഗോള സംഘര്‍ഷങ്ങളും കടല്‍ഗതാഗതത്തിലെ തടസ്സങ്ങളും ഇന്ത്യയുടെ അടുക്കളകളെ നേരിട്ട് ബാധിക്കാമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഇത്.
ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതും എളുപ്പമല്ല. 2035-ഓടെ പാചകവാതകത്തിന്റെ ആവശ്യകത പ്രതിദിനം നാല് ലക്ഷം ബാരല്‍ കൂടി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ആഭ്യന്തര ഉത്പാദനത്തിലെ വര്‍ധന ഒരു ലക്ഷം ബാരലില്‍ താഴെയായിരിക്കുമെന്നാണ് വിലയിരുത്തല്‍.
അസംസ്കൃത എണ്ണയില്‍നിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കുന്നതിന് കൂടുതല്‍ സാമ്പത്തിക നേട്ടമുള്ളതിനാല് കമ്പനികള്‍ പാചകവാതക ഉത്പാദനത്തിന് മുന്‍ഗണന നല്കാന് താല്പര്യം കാണിക്കുന്നില്ലെന്നതും വെല്ലുവിളിയാണ്.
പൈപ്പ് വഴിയുള്ള പ്രകൃതിവാതക ഉപയോഗവും വൈദ്യുത പാചക സംവിധാനങ്ങളും വ്യാപിപ്പിക്കുന്നതാണ് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ 1.7 കോടി വീടുകളില്‍ പൈപ്പ് വഴിയുള്ള ഗ്യാസ് ലഭ്യമാണ്.
ഈ സംവിധാനം കൂടുതല്‍ വ്യാപിപ്പിച്ചാല്‍ 2035-ഓടെ പാചകവാതക ഇറക്കുമതി പ്രതിദിനം 7.5 ലക്ഷം ബാരലായി പരിമിതപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വൈദ്യുതി ലഭ്യത കുറവുള്ള പ്രദേശങ്ങളിലും പൈപ്പ് ഗ്യാസ് സൗകര്യമില്ലാത്ത ഗ്രാമങ്ങളിലും എല്‍പിജി സിലിണ്ടറുകള്‍ക്ക് പകരം കണ്ടെത്തുക എളുപ്പമല്ല.
അതിനാല്‍ ഭാവിയിലെ ഊര്ജപ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യ എത്രത്തോളം തയ്യാറെടുക്കുന്നു എന്നത് നിര്‍ണായകമാകും.






