
ന്യൂഡൽഹി: ജൂൺ പാദത്തിൽ 46.29 ശതമാനം വർധനയോടെ 17,955 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി റിലയൻസ് ഇൻഡസ്ട്രീസ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 12,273 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. സമാനമായി, അവലോകന പാദത്തിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1,44,372 കോടിയിൽ നിന്ന് 54.54 ശതമാനം ഉയർന്ന് 2,23,113 കോടി രൂപയായതായി കമ്പനി അറിയിച്ചു. ഈ പാദത്തിലെ ഏകീകൃത എബിഐടിഡിഎ 45.80 ശതമാനം വർഷം വർധിച്ച് 40,179 കോടി രൂപയിലെത്തി. കൂടാതെ കമ്പനിയുടെ ഈ പാദത്തിലെ മാർജിൻ 17.3 ശതമാനമാണ്.
അസ്ഥിരമായ അന്തരീക്ഷത്തിൽ O2C ബിസിനസിന് എക്കാലത്തെയും ഉയർന്ന വരുമാനമാണ് ഈ പാദത്തിൽ ഉണ്ടായതെന്ന് കമ്പനി പറഞ്ഞു. വരുമാനത്തിന്റെ കാര്യത്തിൽ റിലയൻസ് റീട്ടെയിലിന്റെ ഏറ്റവും മികച്ച പാദം കൂടിയാണിത്, ഇതിന്റെ വരുമാനം 51.9 ശതമാനം ഉയർന്ന് 58,554 കോടി രൂപയായി. കൂടാതെ, ജിയോ പ്ലാറ്റ്‌ഫോമുകളുടെ വരുമാനത്തിന്റെ കാര്യവും മറിച്ചല്ല, പ്രസ്തുത പാദത്തിൽ ജിയോയുടെ വരുമാനം 23.6 ശതമാനം വർധിച്ച് 27,527 കോടി രൂപയായി. അനുകൂലമായ വരുമാന മിശ്രിതം, പുതിയ സ്റ്റോർ കൂട്ടിച്ചേർക്കലുകൾ, സ്റ്റോറുകളുടെ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ, ഡിജിറ്റൽ, പുതിയ വാണിജ്യ ബിസിനസുകളിലെ സുസ്ഥിര വളർച്ച എന്നിവയുടെ പിബലത്തിലാണ് റീട്ടെയിൽ സെഗ്‌മെന്റ് വരുമാനം വർദ്ധിച്ചതെന്ന് ആർഐഎൽ അറിയിച്ചു.
അതേസമയം റിലയൻസ് ഇൻഡസ്ട്രീന്റെ ഉപഭോക്തൃ പ്ലാറ്റ്‌ഫോമുകളുടെ പുരോഗതിയിൽ സന്തോഷമുണ്ടെന്ന് അംബാനി പറഞ്ഞു. റീട്ടെയിൽ ബിസിനസിൽ ഉപഭോക്തൃ ടച്ച് പോയിന്റുകൾ മെച്ചപ്പെടുത്തുന്നതിലും, ഉപഭോക്താക്കൾക്കായി ശക്തമായ മൂല്യനിർണ്ണയം കെട്ടിപ്പടുക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടർന്നുവെന്ന് അദ്ദേഹം പറഞ്ഞു. സോളാർ, എനർജി സ്റ്റോറേജ് സൊല്യൂഷനുകൾ, ഹൈഡ്രജൻ ഇക്കോ സിസ്റ്റം എന്നിവയിലെ സാങ്കേതിക രംഗത്തെ പ്രമുഖരുമായി കമ്പനിയുടെ ന്യൂ എനർജി ബിസിനസ് പങ്കാളിത്തം സ്ഥാപിക്കുകയാണെന്ന് ആർഐഎൽ ചെയർമാൻ പറഞ്ഞു.