
ഭാരതി എയർടെൽ 2026 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലങ്ങൾ പുറത്തുവിട്ടു. ഈ പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 7,325 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിൽ 34 ശതമാനം ഇടിവുണ്ടായെങ്കിലും, നികുതിക്ക് മുൻപുള്ള ലാഭത്തിൽ 36 ശതമാനം വർദ്ധനവ് കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 16 ശതമാനം ഉയർന്ന് 55,383 കോടി രൂപയിലെത്തി. ഉയർന്ന നിരക്കുകളിലുള്ള പ്ലാനുകളിലേക്ക് ഉപഭോക്താക്കൾ മാറുന്നതും പുതിയ വരിക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവുമാണ് വരുമാന വളർച്ചയ്ക്ക് കരുത്തേകിയത്.
മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർക്കായി ആകർഷകമായ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് രൂപ മുഖവിലയുള്ള പൂർണ്ണമായി അടച്ചുതീർത്ത ഓഹരിയൊന്നിന് 24 രൂപ വീതമാണ് അന്തിമ ലാഭവിഹിതം നൽകുക.
ഭാഗികമായി തുക അടച്ച ഓഹരികൾക്ക് 6 രൂപ വീതം ലഭിക്കും. വാർഷിക പൊതുയോഗത്തിന് ശേഷം 30 ദിവസത്തിനുള്ളിൽ അർഹരായ ഓഹരി ഉടമകളുടെ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റ് ചെയ്യും. ഇതോടൊപ്പം ആർബിഐ അംഗീകാരത്തോടെ വായ്പാ ബിസിനസ്സ് ആരംഭിക്കുന്നതും 650 ദശലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് പിന്നിട്ടതും കമ്പനിയുടെ നേട്ടങ്ങളായി മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ആഫ്രിക്കയിലെയും വിപണികളിൽ മികച്ച മുന്നേറ്റമാണ് എയർടെൽ കാഴ്ചവെക്കുന്നത്. സ്മാർട്ട്ഫോൺ ഉപഭോക്താക്കളുടെ എണ്ണത്തിൽ 5.8 ദശലക്ഷത്തിന്റെ വർദ്ധനവുണ്ടായി. ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം 257 രൂപയായി ഉയർന്നു, ഇത് ടെലികോം മേഖലയിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്.
മികച്ച സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഭാരതി എയർടെല്ലിന്റെ ഓഹരി വില എൻഎസ്ഇയിൽ 1.84 ശതമാനം വർദ്ധിച്ച് 1,789.2 രൂപയിലാണ് ക്ലോസ് ചെയ്തത്.






