സേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞുപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി മുന്നോട്ട്റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് പണം ഒഴുകുന്നുആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുക കുറഞ്ഞേക്കും; തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽസിൽവർ ലൈൻ പദ്ധതി: കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച DPR കേന്ദ്രം തള്ളി

കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഒരു വർഷം പൂർത്തിയാക്കുന്നു

കൊച്ചി: വാട്ടർ മെട്രോയ്ക്കിത് പിറന്നാൾ മാസമാണ്. ഏപ്രിൽ 25ന് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കും. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു.

11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോയെത്താൻ ഇനി അധികം വൈകില്ല.

ഇതിന് മുന്നോടിയായി നടപ്പാതകളും വഴിവിളക്കുകളുമുൾപ്പെടെ മാറ്റി സ്ഥാപിച്ച് കെഎംആർഎൽ ഫോർട്ട് കൊച്ചിയുടെ മുഖം മിനുക്കി.

സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിന് മാതൃകയാകാൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ടർ മെട്രോയ്ക്ക് സമാനമായ പദ്ധതികൾ ആലോചനയിലാണെന്നത് ഇതിന് തെളിവാണ്.

സമാനതകളില്ലാത്ത, പുതിയ ആശയമായതിനാൽ തന്നെ ആദ്യ വർഷം കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം സ്ഥിരം യാത്രകരുടെ എണ്ണത്തേക്കാൾ കൂടുതലാണ്.

എന്നാൽ വാട്ടർ മെട്രോയെ ദൈനംദിന യാത്രകൾക്കായി ഒപ്പം കൂട്ടുവാൻ ദ്വീപ് നിവാസികളെ പ്രേരിപ്പിക്കുന്നതിനാണ് കൊച്ചി വാട്ടർ മെട്രോ ഊന്നൽ നൽകുക. 20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്കെന്നിരിക്കെ വിവിധ യാത്രാപാസ്സുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം.

സൌത്ത് ചിറ്റൂരിൽ നിന്ന് ബസ്സിൽ ഹൈക്കോർട്ടിലേക്കെത്താൻ 18 രൂപ വേണമെന്നിരിക്കെ കൊച്ചി വാട്ടർ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ഇതേ ദൂരം യാത്ര ചെയ്യാം.

പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ പ്രധാന വെല്ലുവിളിയാണ്. സർവ്വീസുകളുടെ എണ്ണത്തിലെ പരിമിതികൾ സൌത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ റൂട്ടുകൾ സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിനും വെല്ലുവിളിയാണ്.

പുതിയ റൂട്ടുകൾക്കായി അവശേഷിക്കുന്ന ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യാർഡ് എത്രയും വേഗം നൽകുമെന്നാണ് പ്രതീക്ഷ. കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്.

വാട്ടർ മെട്രോ ടെർമിനലുകളിലേക്ക് എത്തുന്നതിനും അവിടെ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനും സഹായകരമാകാൻ ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി നിലവിലുള്ളതിലും മികച്ചതാക്കുവാനാണ് ശ്രമം. ഇതിനായി വിവിധ പദ്ധതികൾ പരിഗണനയിലാണ്.

അതാത് മേഖലകളിലെ ടൂറിസം സാധ്യകൾ പരിഗണിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പദ്ധതികൾ തയ്യാറാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകേണ്ടതാണ്.

ദ്വീപുനിവാസികൾക്ക് വരുമാനമാകുന്ന തരത്തിൽ ഫിഷിംഗ്, കലാപരിപാടികൾ, മറ്റ് ആക്റ്റിവിറ്റികൾ എന്നിവ ക്രമീകരിച്ച് വാട്ടർ മെട്രോയിൽ സഞ്ചാരികളെ ഹോപ്പ് ഓൺ ഹോപ്പ് ഓഫ് മാതൃകയിൽ ദ്വീപുകളിലേക്ക് എത്തിക്കുന്നതിയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്യും.

കൂടുതൽ ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് ടൂറിസം സാധ്യതകൾ വിനിയോഗിച്ച് വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രിപ്പുകൾ ക്രമീകരിക്കുന്നതും ആലോചനയിലാണെന്നും വാട്ട‍ര്‍ മെട്രോ അറിയിച്ചു.

X
Top