
മാസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടാം തവണയും എസി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് വില കൂടാന്‍ സാധ്യത. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റവും കോപ്പര്‍ (Copper), അലൂമിനിയം, സ്റ്റീല്‍ പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2026 ജനുവരി മുതല്‍ നടപ്പിലാക്കിയ പുതിയ ഊര്‍ജ്ജക്ഷമതാ മാനദണ്ഡങ്ങളും വിലയെ ബാധിച്ചു. നിര്‍മാണ ചെലവ് 16 ശതമാനം ഉയര്‍ന്നതിനാല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ചെയര്‍മാനും ബ്ലൂസ്റ്റര്‍ എം.ഡിയുമായ വീര്‍ അദ്വാനി വ്യക്തമാക്കുന്നു.
ഇതിനോടകം തന്നെ പല കമ്പനികളും 8 മുതല്‍ 10 ശതമാനം വരെ വില വര്‍ധിപ്പിച്ചു കഴിഞ്ഞു. അടുത്ത ഘട്ടമായി വീണ്ടും 8-10 ശതമാനം വര്‍ധന കൂടി പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ പുതിയ നിരക്ക് വര്‍ധന പ്രതിഫലിക്കാന്‍ കുറച്ചു സമയമെടുത്തേക്കാമെന്ന് പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പറഞ്ഞു. പല ഡീലര്‍മാരും പഴയ സ്റ്റോക്ക് ഉള്ളതുകൊണ്ട് നിലവില്‍ പഴയ നിരക്കില്‍ വില്പന തുടരുകയാണ്.
ഡിമാന്‍ഡില്‍ വന്‍ വര്‍ധന
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എസി വിപണിയില്‍ 40 മുതല്‍ 50 ശതമാനം വരെ വളര്‍ച്ചയാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും പീറ്റര്‍ പോള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാത്രം കേരളത്തിലുടനീളം ഏകദേശം ഒന്നര ലക്ഷത്തിലധികം എസികള്‍ വിറ്റുപോയതായാണ് വിപണിയില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വിഷുവിനോടനുബന്ധിച്ച് ചൂട് വര്‍ധിച്ചതോടെയാണ് വിപണിയില്‍ തിരക്ക് അനുഭവപ്പെട്ടത്. ഏപ്രില്‍ മാസത്തിലെ ആദ്യ പത്തു ദിവസങ്ങള്‍ക്ക് ശേഷം വില്പനയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. പ്രമുഖ റീറ്റൈയ്ല്‍ ശൃംഖലകളുടെ കണക്കനുസരിച്ച് പീക്ക് ദിവസങ്ങളില്‍ ഒരു ദിവസം മാത്രം 5000-ത്തിന് മുകളില്‍ എസികള്‍ വിറ്റഴിയുന്ന സാഹചര്യമുണ്ടായി. ഒരു ശരാശരി ഷോപ്പില്‍ പോലും പ്രതിദിനം 500-ലധികം എസികളുടെ കച്ചവടം നടന്നു.
കൂളര്‍, ഫാന്‍ വിപണിയും സജീവം
എസിക്ക് പുറമെ എയര്‍ കൂളറുകള്‍ക്കും ഫാനുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. സാധാരണയായി കേരളത്തില്‍ കൂളറുകള്‍ക്ക് വലിയ വിപണി ഉണ്ടാകാറില്ലെങ്കിലും ഇത്തവണ 10 മുതല്‍ 15 ശതമാനം വരെ വളര്‍ച്ച ഈ മേഖലയിലുണ്ടായി.
പല വ്യാപാരികളും ഉയര്‍ന്ന ആവശ്യം കണക്കിലെടുത്ത് കൂളറുകള്‍ വീണ്ടും സ്റ്റോക്ക് ചെയ്തു. പഴയ ഫാനുകള്‍ മാറ്റി പുതിയവ വാങ്ങുന്നതിനും വീടുകളില്‍ അധികമായി ഫാനുകള്‍ സ്ഥാപിക്കുന്നതിനും ആളുകള്‍ താല്പര്യം കാണിച്ചു. എസി ഉള്ള മുറികളില്‍ പോലും വായുസഞ്ചാരത്തിനായി ഫാനുകള്‍ വാങ്ങുന്ന പ്രവണത ഇത്തവണ ദൃശ്യമായി.
ഏപ്രില്‍ മാസത്തില്‍ മികച്ച ബിസിനസ് നടന്നുവെങ്കിലും മെയ് മാസത്തിലെ വേനല്‍ മഴ വിപണിയെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. മഴ പെയ്ത് ചൂട് കുറഞ്ഞതോടെ വിപണിയിലെ തിരക്ക് പകുതിയോളം കുറഞ്ഞു. പ്രതിദിനം 700-800 യൂണിറ്റുകള്‍ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 100-150 യൂണിറ്റുകളിലേക്ക് വില്പന താഴ്ന്നു.
എങ്കിലും വരും ദിവസങ്ങളില്‍ ചൂട് വീണ്ടും വര്‍ധിച്ചാല്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.






