
സ്വകാര്യ ബാങ്കിംഗ് മേഖലയിലെ പ്രമുഖരായ കൊട്ടക് മഹീന്ദ്ര ബാങ്കിന് എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ (AU SFB) 9.99 ശതമാനം വരെ ഓഹരികൾ ഏറ്റെടുക്കാൻ റിസർവ് ബാങ്കിന്റെ (RBI) അനുമതി.
മാർച്ച് പാദത്തിലെ ഓഹരി പങ്കാളിത്ത കണക്കുകൾ പ്രകാരം കൊട്ടക് ഫ്ലെക്സികാപ്പ് ഫണ്ടിന് എയു സ്മോൾ ഫിനാൻസ് ബാങ്കിൽ 1.60 ശതമാനം പങ്കാളിത്തമാണ് നിലവിലുള്ളത്. കൂടാതെ എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ട്, നിപ്പോൺ ലൈഫ്, ഇൻവെസ്കോ, ഡിഎസ്പി മിഡ്ക്യാപ്പ് എന്നീ ഫണ്ടുകള്‍ക്കും എസ്‌ബിഐ ലൈഫ്, എച്ച്‌ഡിഎഫ്‌സി ലൈഫ് തുടങ്ങിയ ഇൻഷുറൻസ് കമ്പനികള്‍ക്കും എയു സ്‌മോൾ ഫിനാൻസില്‍ നിക്ഷേപമുണ്ട്.
മികച്ച പ്രകടനം
എയു സ്മോൾ ഫിനാൻസ് ബാങ്ക് കഴിഞ്ഞ പാദത്തില്‍ കരുത്തുറ്റ സാമ്പത്തിക പ്രകടനമാണ് കാഴ്ചവെച്ചത്. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ബാങ്ക് 832 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ഇത് മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 65 ശതമാനം വർദ്ധനയാണ്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം (NII) 2,582 കോടി രൂപയായാണ് വര്‍ധിച്ചത്. ബാങ്കിന്റെ മൊത്തം നിക്ഷേപം 23 ശതമാനം വർദ്ധനവോടെ 1,52,661 കോടി രൂപയായും മൊത്തം വായ്പാ പോർട്ട്‌ഫോളിയോ 21 ശതമാനം വർദ്ധനവോടെ 1,40,327 കോടി രൂപയായും ഉയർന്നു.
ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തിലും (Asset Quality) മെച്ചപ്പെട്ട പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 2.03 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി (NNPA) 0.74 ശതമാനമായും കുറഞ്ഞത് ഗണ്യമായ നേട്ടമാണ്. ഈ സാഹചര്യത്തിലാണ് കൊട്ടക് കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.
ഓഹരി നില
2026 മെയ് മാസത്തിലെ കണക്കുകൾ പ്രകാരം എയു സ്മോൾ ഫിനാൻസ് ബാങ്ക് (AU Small Finance Bank) ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഏകദേശം 50% ത്തിലധികം വളർച്ചയാണ് (50.06% മുതൽ 50.07% വരെ) ഓഹരി രേഖപ്പെടുത്തിയത്.
ഈ കാലയളവിൽ ഓഹരി വില 655.50 രൂപ (ഏറ്റവും കുറഞ്ഞ നിരക്ക് – മെയ് 2025) മുതൽ 1,079.55 രൂപ (ഏറ്റവും ഉയർന്ന നിരക്ക് – ഏപ്രിൽ 2026) വരെ ഉയർന്നു. ഈ മാസം (മെയ്) ആദ്യവാരം ഓഹരി വില 1,000 രൂപ – 1,030 രൂപ പരിധിയിലാണ് വ്യാപാരം നടക്കുന്നത്.
ബാങ്കിന്റെ വർദ്ധിച്ചുവരുന്ന നിക്ഷേപങ്ങളും (കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23.3% വർദ്ധന) ശക്തമായ അറ്റാദായവുമാണ് (കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26% വർദ്ധന- Q3FY26) ഓഹരിയുടെ മുന്നേറ്റത്തിനുളള കാരണം.






