ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ; 6000 കോടിയുടെ കരാറെന്ന് സൂചനസേവന മേഖലയിൽ മുന്നേറ്റം; അഞ്ച് മാസത്തെ ഉയര്‍ന്ന വളര്‍ച്ചകൊച്ചി മെട്രോ പുതിയ കുതിപ്പില്‍രാജ്യത്ത് ഇന്ധന വില വർധനവ് ഏതാനും ദിവസത്തിനകം? LPG വിലയും വർധിപ്പിച്ചേക്കുംവിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍

കൊച്ചിൻ ഷിപ്പ്‍യാർ‌ഡ് ഗുജറാത്തിലേക്കും; ഒരുങ്ങുന്നത് 1570 കോടിയുടെ അറ്റകുറ്റപ്പണിശാല

കൊച്ചി: പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ സാന്നിധ്യം ഇനി ഗുജറാത്തിലും. 1570 കോടി രൂപ ചെലവിൽ ഗുജറാത്തിലെ വാഡിനാറിൽ കപ്പൽ അറ്റകുറ്റപ്പണിശാല സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര സാമ്പത്തികകാര്യ കാബിനറ്റ് സമിതി അനുമതി നൽകി.

കൊച്ചിൻ ഷിപ്പ്‍യാർ‌ഡ്-ഡിപിഎ സംയുക്ത പദ്ധതി
അത്യാധുനികവും വിശാലവുമായ സൗകര്യങ്ങളോടെ കപ്പൽ അറ്റകുറ്റപ്പണിശാല ഗുജറാത്തിലും ഉയരുന്നതോടെ, ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളിലെ കപ്പൽശാലകളെ ആശ്രയിക്കുന്നത് വലിയതോതിൽ കുറയ്ക്കാനാകും. കൊച്ചിൻ ഷിപ്പ്‍യാർഡും ദീൻ ദയാൽ പോർട്ട് അതോറിറ്റിയും (ഡിപിഎ) ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുക.

650 കോടി രൂപ ചെലവിൽ പദ്ധതിയിലെ സിവിലിയൻ അ‌ടിസ്ഥാന സൗകര്യങ്ങൾ ഡിപിഎ സജ്ജമാക്കും. കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം 920 കോടി രൂപ നിക്ഷേപത്തോടെ കൊച്ചിൻ ഷിപ്പ്‍യാർഡും. 300 മീറ്റർ വരെ നീളമുള്ള കപ്പലുകളെ കൈകാര്യം ചെയ്യാൻ സൗകര്യമുള്ള അറ്റകുറ്റപ്പണി കേന്ദ്രമാണ് ഒരുക്കുക. നിലവിൽ‌ ഇവിടുത്തെ കേന്ദ്രത്തിൽ വലിയ കപ്പലുകളെ ഉൾക്കൊള്ളാനാവില്ല. 650 മീറ്റർ നീളമുള്ള ജെട്ടി, രണ്ട് ഫ്ലോട്ടിങ് (ഒഴുകുന്ന) ഡ്രൈഡോക്കുകൾ, വർക്ക്ഷോപ്പ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് ‘വാഡിനാർ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയിൽ’ ഉണ്ടാവുക.

വിദേശ കപ്പലുകളെയും ആകർഷിക്കാം
36 മാസത്തിനകം പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. വലിയ കപ്പലുകൾക്കും അടുക്കാനാകുംവിധം ആഴമുണ്ടെന്നത് വാഡിനാറിന്റെ മികവാണ്. പുറമേ രാജ്യത്തെ സുപ്രധാന തുറമുഖങ്ങളിൽപ്പെട്ട മുന്ദ്രയും കാണ്ട്‍ലയും അടുത്താണെന്ന നേട്ടവുമുണ്ട്. അതുകൊണ്ടുതന്നെ വിദേശ കപ്പലുകളെയും ആകർഷിക്കാനാകും.

നിലവിൽ വമ്പൻ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താവുന്ന സൗകര്യങ്ങൾ ഇന്ത്യയിലില്ല. വിദേശത്തെ കപ്പൽശാലകളെയാണ് ഇന്ത്യൻ കപ്പലുകളും ആശ്രയിക്കുന്നത്. വാഡിനാറിലെ പദ്ധതി യാഥാർഥ്യമാകുന്നതോടെ വിദേശ ആശ്രയത്വം ഒഴിവാക്കാം. ഇത് സാമ്പത്തികമായും നേട്ടമാകും. വിദേശനാണയം ഈയിനത്തിൽ പുറത്തേക്കൊഴുകുന്നത് കുറയും.

∙ കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ കൊച്ചിയിലെ അറ്റകുറ്റപ്പണിശാലയിൽ 250 മീറ്ററിലധികം നീളമുള്ള കപ്പലുകളെ കൈകാര്യം ചെയ്യാനാകും. വിക്രാന്ത് ഉൾപ്പെടെയുള്ള കപ്പലുകളെ ഡോക്ക് ചെയ്തത് ഇവിടെയായിരുന്നു.

∙ കൊച്ചിൻ ഷിപ്പ്‍യാർ‌ഡിന് മുംബൈ, ആൻഡമാൻ, കൊൽക്കത്ത എന്നിവിടങ്ങളിലും കപ്പൽ അറ്റകുറ്റപ്പണിശാലകളുണ്ട്. മുംബൈയിൽ 300 മീറ്റർ വരെയുള്ള കപ്പലുകളെ സ്വീകരിക്കാനാകും. മറ്റുള്ളവ മീഡിയം റേഞ്ചിലെ കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്താൻ ശേഷിയുള്ളവയാണ്.

പുതിയ തൊഴിലവസരം
അറ്റകുറ്റപ്പണിശാലയിൽ 290 പേർക്ക് നേരിട്ടും 1100 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. കപ്പൽ‌ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നിരവധി ചെറുകിട സംരംഭങ്ങൾക്ക് (എംഎസ്എംഇ) ബിസിനസ് അവസരങ്ങളും ലഭിക്കും.

ഓഹരിക്ക് മുന്നേറ്റം
വാഡിനാർ പദ്ധതിയെക്കുറിച്ച് കൊച്ചിൻ ഷിപ്പ്‍യാർ‌ഡ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. ഇന്നലെ 2.42% ഉയർന്ന് 1753.60 രൂപയിലാണ് കൊച്ചിൻ ഷിപ്പ്‍യാർ‌ഡ് ഓഹരി എൻഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള ഓഹരിവില 1765 രൂപവരെ ഉയർന്നിരുന്നു.

46,131 കോടി രൂപ വിപണിമൂല്യമുള്ള കൊച്ചിൻ ഷിപ്പ്‍യാർ‌ഡിന്റെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം 2025 ജൂൺ 5ലെ 2545 രൂപയാണ്. 52 ആഴ്ചത്തെ താഴ്ച 2026 മാർച്ച് 30ലെ 1187 രൂപയും. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 19% നേട്ടം (റിട്ടേൺ) കൊച്ചിൻ ഷിപ്പ്‍യാർ‌ഡ് ഓഹരി നൽകിയിട്ടുണ്ട്. 2026ൽ ഇതുവരെ നേട്ടം 14%.

X
Top