
‘റെമിറ്റൻസ് ഇക്കോണമി’യിൽ ‘ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി’യിലേക്ക് സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട്’, ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണെന്ന് പ്രവാസി സംരംഭകരും സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. പതിറ്റാണ്ടുകളായി പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കേരളത്തിന്റെ ഉപഭോഗ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ഭാവി വികസനത്തിന് ഈ പണം ഫലപ്രദമായ നിക്ഷേപങ്ങളാക്കി മാറ്റേണ്ടതുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ട്രസ്റ്റ് ഫണ്ട് രൂപീകരിക്കുന്നത്. പ്രവാസികളുടെ സംസ്ഥാനത്തേക്കുള്ള പണം അയക്കലിനെ മുഖ്യമായി ആശ്രയിക്കുന്ന നിലയിൽ നിന്ന് നിക്ഷേപ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറിയാൽ മാത്രമേ ദീർഘകാല വളർച്ച ഉറപ്പാക്കാനും വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതുവഴി ആരോഗ്യകരമായ സാമ്പത്തികരംഗം കെട്ടിപ്പടുക്കാനും കഴിയൂ.
ഗൾഫ് രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള പ്രവാസി മലയാളികളുടെ വലിയ നിക്ഷേപ സാധ്യതകളെ ഏകോപിപ്പിച്ച് സംസ്ഥാനത്തെ പ്രധാന വികസന മേഖലകളിലേക്ക് ആകർഷിക്കുകയും പ്രവാസികളെ വെറും പണമയപ്പുകാർ എന്നതിലുപരി നിക്ഷേപകരും സംരംഭകരുമായി മാറ്റുകയുമാണ് പദ്ധതിയുടെ കാതൽ. പ്രവാസികൾക്ക് തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായും ലാഭകരമായും നാട്ടിൽ നിക്ഷേപിക്കാൻ കൃത്യമായ സർക്കാർ പിന്തുണയുള്ള ഒരു വിശ്വസനീയമായ പ്ലാറ്റ്‌ഫോം ഒരുക്കുന്നതും പദ്ധതിയുടെ നിർണായക ഘടകമാണ്. പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് വഴി സമാഹരിക്കുന്ന തുക പ്രധാനമായും സ്റ്റാർട്ടപ്പുകൾ, ടൂറിസം, കാർഷിക മൂല്യവർധിത സംരംഭങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ വികസന പദ്ധതികൾ തുടങ്ങിയ മേഖലകളിലാകും നിക്ഷേപിക്കുക.
ലൂലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ഉൾപ്പെടെയുള്ള പ്രമുഖ പ്രവാസി വ്യവസായികൾ, പ്രവാസികൾക്ക് സംസ്ഥാന വികസനത്തിൽ പങ്കാളികളാകാൻ ഫണ്ട് വലിയ രീതിയിൽ സഹായകരമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.






