
2036-ലെ ഒളിമ്പിക്സിൽ മത്സരിക്കാൻ പ്രാപ്തിയുള്ള കായികതാരങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ‘മിഷൻ 2036’ പദ്ധതി നടപ്പിലാക്കും. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയായിരുന്നു കായികമേഖലക്കായി മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. 2036-ൽ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളിൽ കേരളത്തിൽ നിന്നുള്ള കായികതാരങ്ങളുടെ പങ്കാളിത്തവും മെഡൽ നേട്ടങ്ങവും ഗണ്യമായി വർദ്ധിപ്പിക്കാനും താഴേത്തട്ടു മുതൽ മികച്ച കായിക പ്രതിഭകളെ നേരത്തെ തന്നെ കണ്ടെത്തി അവർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം ഉറപ്പാക്കാനും പദ്ധതി ലക്‌ഷ്യം വയ്ക്കുന്നു.
സംസ്ഥാനത്തെ കായിക-യുവജന മേഖലയുടെ സമഗ്ര വികസനത്തിനായി ആകെ 173.77 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകുന്നതിനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനുമായി മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ സ്റ്റേഡിയത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. കോളേജ് ക്യാമ്പസുകളിലെ കളിക്കളങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കായിക പ്രതിഭകൾക്ക് വിപുലമായ പരിശീലന സൗകര്യങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്.






