
തീരദേശ മേഖലക്കും മത്സ്യതൊഴിലാളികൾക്കും കൈത്താങ്ങായ വിവിധ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചു. തീരദേശ വികസനം, മത്സ്യത്തൊഴിലാളികളുടെ ഉന്നമനം, മാരിടൈം സമ്പദ് വ്യവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന വകുപ്പിന് 133.45 കോടി രൂപയും ഹാർബർ എൻജിനീയറിങ് വകുപ്പിന് 34 കോടി രൂപയും കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് 33.5 കോടി രൂപയും ഉൾപ്പെടെ ആകെ 200.93 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതുകൂടാതെ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അധികമായും വിലയിരുത്തി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ കഴിഞ്ഞാൽ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള മത്സ്യബന്ധനമേഖലയിലെ പദ്ധതി നിർവഹണത്തിൽ ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും അപകട ഇൻഷുറൻസ് തുക പരിഷ്കരിക്കുമെന്ന് ബജറ്റിൽ പറയുന്നു. നിലവിൽ മത്സ്യഫെഡ് നൽകുന്ന വ്യക്തിഗത അപകട ഇൻഷുറൻസ് പ്രകാരം അപകടമരണമോ അപകടംമൂലം പൂർണമായി അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഭാഗികമായി അംഗവൈകല്യം സംഭവിക്കുന്നവർക്ക് അംഗവൈകല്യ ശതമാനം അനുസരിച്ച് പരമാവധി 10 ലക്ഷം രൂപവരെയും ആശുപത്രി ചെലവിന് പരമാവധി ഒരു ലക്ഷം രൂപ വരെയും ലഭിക്കുമെന്നാണ് നിലവിലെ കണക്ക്. ഇതെത്രയാണ് വർധിപ്പിക്കുക എന്നത് ബജറ്റിൽ വ്യക്തമാക്കിയിട്ടില്ല.
മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി വർധിപ്പിച്ചതാണ് ബജറ്റിൽ മത്സ്യത്തൊഴിലാളികൾക്കുള്ള മറ്റൊരു നേട്ടം. നിലവിൽ 50 രൂപയാണ് മണ്ണെണ്ണ സബ്സിഡി. സിവിൽ സപ്ലൈസ് മുഖേനയാണ് മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിതരണം ചെയ്യുന്നത്. 140 ലീറ്റർ മണ്ണെണ്ണയാണ് സബ്സിഡി നിരക്കിൽ ഒരു മാസം നൽകുന്നത്. ലീറ്ററിന് 155 രൂപയാണ് വില. സബ്സിഡി വർധിപ്പിക്കുന്നതോടെ വില കുറയുന്നത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകും. സബ്സിഡി പ്രഖ്യാപനം ആശ്വാസമാണെങ്കിലും പ്രായോഗികമായി നടപ്പാക്കുന്നതിലാണ് വിജയമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൻ പൊള്ളയിൽ പറഞ്ഞു. എണ്ണ ലഭ്യതയാണ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും അത് ഉറപ്പാക്കാൻ സർക്കാരിനു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ കാരണങ്ങളാൽ സർക്കാർ മുന്നറിയിപ്പു പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് വേതനം ലഭ്യമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.






