മുംബൈ: എല്ലാ ബാങ്കിംഗ് ഉപഭോക്താക്കള്‍ക്കും ഏറ്റവും പുതിയ ക്രെഡിറ്റ് സ്കോര്‍ അറിയുന്നതിനുള്ള വഴിയൊരുക്കി റിസര്‍വ് ബാങ്ക്.
ഇനി മുതല്‍ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ബാങ്കുകള്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോര്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളെ (സിഐസി) അറിയിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.
നിലവില്‍ മാസത്തിലൊരിക്കലാണ് ബാങ്കുകള്‍ ക്രെഡിറ്റ് സ്കോര്‍ സിഐസികളെ അറിയിക്കുന്നത്. ഒരേ സമയം ബാങ്കുകള്‍ക്കും വായ്പ എടുക്കാന്‍ അഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കും ഗുണകരമായിരിക്കുന്നതാണ് ഈ തീരുമാനമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
വായ്പ അനുവദിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താവിന്‍റെ കൃത്യമായ ക്രെഡിറ്റ് സ്കോര്‍ അറിയുന്നതിനാല്‍ അതനുസരിച്ചുള്ള തീരുമാനമെടുക്കാം. ക്രെഡിറ്റ് സ്കോര്‍ അനുസരിച്ചാണ് വായ്പ അനുവദിക്കണോ വേണ്ടയോ എന്ന് ബാങ്കുകള്‍ തീരുമാനിക്കുന്നത്.
വായ്പകള്‍ക്കുള്ള പലിശ നിരക്ക് തീരുമാനിക്കുന്നതും ക്രെഡിറ്റ് സ്കോറിനെ ആശ്രയിച്ചാണ്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് താരതമ്യേന കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കും.
എന്താണ് ക്രെഡിറ്റ് സ്കോർ
ക്രെഡിറ്റ് സ്കോർ എന്നത് ഒരു വ്യക്തിക്ക് വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതയുടെ സൂചകമാണ്, അല്ലെങ്കിൽ കടം തിരിച്ചടക്കാനുള്ള അവരുടെ കഴിവിനെ അത് പ്രതിഫലിപ്പിക്കുന്നു.
റിസർവ് ബാങ്ക് ലൈസൻസുള്ള നാല് ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുണ്ട്. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (സിബിൽ), എക്സ്പീരിയൻ, ഇക്വിഫാക്സ്, ഹൈമാർക്ക് എന്നിവയാണവ.
ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ക്രെഡിറ്റ് സ്കോർ സിബിൽ റേറ്റിംഗ് ആണ്.
സിബിൽ ക്രെഡിറ്റ് സ്കോർ മൂന്നക്ക സംഖ്യയാണ്, അത് 300 മുതൽ 900 വരെയാണ്, 900 ആണ് മികച്ച സ്കോർ.