
കോഴിക്കോട്: കേരള ബാങ്ക് ഒഴിവാക്കി ജില്ലാ ബാങ്കുകൾ മടക്കിക്കൊണ്ടു വരുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിൽ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു രൂപീകരിച്ച കേരള ബാങ്ക് സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടാക്കി എന്ന സഹകാരികളുടെ അഭിപ്രായം സർക്കാരിന്റെ പരിഗണനയിലുണ്ട്.
അതേസമയം റിസർവ് ബാങ്കിന്റെ അനുമതി വാങ്ങി, 13 ജില്ലാ ബാങ്കുകളെ ലയിപ്പിച്ചു, രൂപീകരിച്ച കേരള ബാങ്കിനു തിരിച്ചുപോക്ക് പ്രായോഗികമല്ലെന്നാണ് നിലവിലെ നേതൃത്വത്തിന്റെ നിലപാട്.
കിട്ടാത്ത ആനുകൂല്യം, പാഴായ വാഗ്ദാനം
പ്രൈമറി ബാങ്കുകൾ, ജില്ലാ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എന്നിങ്ങനെ ത്രിതല ബാങ്കിങ് സംവിധാനമായിരുന്നു നേരത്തെ കേരളത്തിലുണ്ടായിരുന്നത്. ഇതിൽ ജില്ലാ ബാങ്കുകളെ ഒഴിവാക്കി പ്രൈമറി ബാങ്കും കേരള ബാങ്കും ആക്കി ക്രമീകരിച്ചത് 2019ലാണ്.
ജില്ലാ ബാങ്ക് ഒഴിവാകുമ്പോൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാകുമെന്നും നിക്ഷേപത്തിന് കൂടുതൽ പലിശ ലഭിക്കുമെന്നുമായിരുന്നു സഹകരണ ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും നൽകിയ വാഗ്ദാനം. എന്നാൽ കേരള ബാങ്ക് നടപ്പാക്കിയതോടെ ഈ അനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്നാണു യുഡിഎഫ് സഹകാരികളുടെ വാദം.
കരുവന്നൂരിൽ കൈവിട്ട വിശ്വാസം
നേരത്തേ ജില്ലാ ബാങ്കുകൾ ഉണ്ടായിരുന്നപ്പോൾ പ്രൈമറി ബാങ്കുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ സഹായിക്കാൻ ജില്ലാ ബാങ്കുകൾക്കു കഴിയുമായിരുന്നു. എന്നാൽ കേരള ബാങ്ക് ആയതോടെ റിസർവ് ബാങ്ക് അനുമതിയില്ലാതെ ഒരു ഇടപെടലും നടത്താൻ കഴിയാത്ത സ്ഥിതിയായി.
ഇതുമൂലം പല ജില്ലകളിലും പ്രൈമറി ബാങ്കുകൾ പ്രതിസന്ധിയിലായപ്പോൾ പിടിച്ചുനിൽക്കാനായില്ല. ജില്ലാ ബാങ്ക് ഉണ്ടായിരുന്നെങ്കിൽ കരുവന്നൂർ അടക്കം നിക്ഷേപകർക്ക് പണം നഷ്ടപ്പെടില്ലായിരുന്നു എന്നും ഇതു സഹകരണ മേഖലയുടെ വിശ്വാസ്യത വലിയ രീതിയിൽ ഇടിച്ചുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല കേരള ബാങ്ക് പ്രൈമറി ബാങ്കുകളോടു മത്സരിച്ച് അവരുടെ ബിസിനസ് കൂടി പിടിച്ചടക്കുന്ന രീതിയാണെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ യുഡിഎഫ് സർക്കാർ വന്നാൽ കേരള ബാങ്ക് ഒഴിവാക്കി പഴയ രീതിയിലേക്കു മടങ്ങിപ്പോകണമെന്ന് ഇവർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തിരിച്ചുപോക്ക് കേരളത്തിലെ സഹകരണ മേഖലയെ പിന്നോട്ടടിക്കുമെന്നാണു നിലവിലെ നേതൃത്വത്തിന്റെ വാദം.






