എയർ ഇന്ത്യയുടെ ലോ-കോസ്റ്റ് ക്യാരിയർ ആയ എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡിൻ്റെയും എഐഎക്സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെയും പ്രവർത്തനപരമായ സംയോജനവും നിയമപരമായ ലയനവും എയർ ഇന്ത്യ ഗ്രൂപ്പ് വിജയകരമായി പൂർത്തിയാക്കി. എയർഏഷ്യ ഇന്ത്യ എന്ന പേരിൽ അറിയപ്പെട്ടിരുന്ന എഐഎക്സ് കണക്ടുമായുള്ള ലയനം പൂർത്തിയാക്കിയതോടെ കൂടുതൽ വിശാലമായ തലത്തിൽ ചെലവുകുറഞ്ഞ വിമാനക്കമ്പനിയെന്ന തങ്ങളുടെ ലക്‌ഷ്യം നടപ്പിലാക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്-എഐഎക്സ് കണക്ട് ലയനം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ലയനത്തിന് ആവശ്യമായ റെഗുലേറ്ററി അംഗീകാരവും അതോറിറ്റി നൽകിയിട്ടുണ്ട്.
‘എയർ ഇന്ത്യ എക്സ്പ്രസ്’ എന്ന പേരിൽ ഏകീകൃത എയർലൈൻ കോഡ് IX ഉപയോഗിച്ചാവും പുതിയ എയർലൈൻ കമ്പനിയുടെ പ്രവർത്തനം. എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള 4 വ്യത്യസ്ത വിമാനകമ്പനികളുടെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ട് രണ്ട് മുൻനിര എയർലൈൻ കമ്പനികൾ സൃഷ്ടിക്കുകയെന്ന ടാറ്റ ഗ്രൂപ്പിന്റെ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇതോടെ പൂർത്തിയാവുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ചെലവ് കുറഞ്ഞ വിമാനക്കമ്പനി എന്ന നിലയിൽ ആഭ്യന്തര, ഗൾഫ് വിപണികളിൽ മുൻനിര കമ്പനിയായി മാറാൻ ലക്ഷ്യമിടുമ്പോൾ വിസ്താരയെ എയർ ഇന്ത്യയുമായി സംയോജിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ നിന്നുള്ള ലോകോത്തര ആഗോള എയർലൈൻ കമ്പനി എന്ന ലക്‌ഷ്യം നേടാനാണ് ടാറ്റ ഗ്രൂപ്പിന്റെ ശ്രമം.