പുനരുപയോഗക്ഷമമായ വൈദ്യുതിയുടെ ഉല്‍പ്പാദനം നടത്തുന്ന അക്‌മി സോളാര്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില് ലിസ്റ്റ് ചെയ്‌തു.
ഐപിഒ വിലയില്‍ നിന്നും 13.15 ശതമാനം ഡിസ്‌കൗണ്ടോടെയാണ് ഈ ഓഹരി ഇന്ന് വ്യാപാരം തുടങ്ങിയത്. 289 രൂപ ഓഫര്‍ വിലയുള്ള അക്‌മി സോളാര്‍ 251 രൂപയിലാണ് എന്‍എസ്‌ഇയില്‍ ലിസ്റ്റ് ചെയ്‌തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 271 രൂപ വരെ ഉയര്‍ന്നു.
ബിഎസ്‌ഇയില്‍ 10.38 ശതമാനം ഡിസ്‌കൗണ്ടോടെ 259 രൂപയിലാണ് അക്‌മി സോളാര്‍ ലിസ്റ്റ് ചെയ്‌തത്. അക്‌മി സോളാര്‍ നടത്തിയത് പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമായ ലിസ്റ്റിംഗാണ്. 285 രൂപയായിരുന്നു ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റിലെ വില. നവംബര്‍ ആറ് മുതല്‍ എട്ട് വരെ നടന്ന ഈ ഐപിഒ 2.89 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നത്.
2900 കോടി രൂപയാണ് കമ്പനി ഐപിഒ വഴി സമാഹരിച്ചത്. 2395 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 505 കോടി രൂപയുടെ ഒഎഫ്‌എസും (ഓഫര്‍ ഫോര്‍ സെയില്‍) ഉള്‍പ്പെട്ടതാണ് ഐപിഒ.
കടം തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക വിനിയോഗിക്കും.
1975ല്‍ സ്ഥാപിതമായ അക്‌മി സോളാര്‍ ഹോള്‍ഡിംഗ്‌സ് ഹരിത അമോണിയയുടെ ഉല്‍പ്പാദനം ഉള്‍പ്പെടെ ഹരിത സാങ്കേതികവിദ്യകളുടെ വികസനത്തിലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.
2021-22ല്‍ 1487.9 കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം 2023-24ല്‍ 1319.3 കോടി രൂപയായി കുറഞ്ഞു. അതേ സമയം ഇക്കാലയളവില്‍ ലാഭം 62.01 കോടി രൂപയില്‍ നിന്നും 697.78 കോടി രൂപയായി ഉയര്‍ന്നു.