
തിരുവനന്തപുരം: കേരളത്തിൻ്റെ ‘സ്വന്തം’ വിമാനക്കമ്പനികൾ എന്ന പെരുമയോടെ സർവ്വീസ് ആരംഭിക്കാനിരുന്ന എയർ കേരളയും അൽഹിന്ദും ഉടൻ പറന്നുയരില്ലെന്ന് സൂചന. വിവിധ കാരണങ്ങൾ കൊണ്ടാണ് ഇരു കമ്പനികളും പ്രവർത്തനം തുടങ്ങാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിക്കാനിരുന്ന രണ്ട് കമ്പനികളും ഈ വർഷം ജൂണിൽ സർവ്വീസുകൾ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇറാൻ യുദ്ധമടക്കമുള്ള സാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിച്ചതും ഈ വർഷം തുടങ്ങാനിരുന്ന കമ്പനികളെ വലച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായാണ് അൽഹിന്ദിൻ്റെ പ്രവർത്തനമെങ്കിൽ എയർ കേരളയുടെ ആസ്ഥാനം കൊച്ചിയിലാണ്.
സാഹചര്യങ്ങൾ പ്രവചനാതീതമെന്ന് ആൽഹിന്ദ് ഗ്രൂപ്പ്
ഇറാൻ- അമേരിക്ക യുദ്ധമാണ് അൽഹിന്ദിനെ പിന്നോട്ട് വലിക്കുന്നതെന്നാണ് അൽഹിന്ദ് ഗ്രൂപ്പ് ഡയറക്‌ടർ നൂറുദ്ദീൻ ഇടിവി ഭാരതിനോട് പറഞ്ഞു. മൂന്ന് വിമാനങ്ങൾ വാടകയ്ക്ക് എടുക്കാൻ ധാരണയായിരുന്നു. ഇതിൻ്റെ അന്തിമഘട്ടത്തിലെത്തി നിൽക്കേയാണ് യുദ്ധ സാഹചര്യം ഉടലെടുത്തത്.
ഇത് അപ്രതീക്ഷിതമായിരുന്നുവെന്നും സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ടൂർ ഓപ്പറേറ്റിങ് കമ്പനി കൂടിയുള്ള അൽഹിന്ദിന് ഇക്കാര്യത്തിൽ ആശങ്ക ഏറുകയാണ്. ഈ സീസണിശല പതിനായിരത്തോളം ബുക്കിങ്ങുകൾ റദ്ദാക്കപ്പെട്ടുവെന്നും ഡയറക്‌ടർ വ്യക്തമാക്കി.
പ്രവർത്തനം ആരംഭിക്കാനിരുന്നത് 2025ൽ
2025ൻ്റെ പകുതിയോടെ പ്രവർത്തനം ആരംഭിക്കാനായിരുന്നു അൽഹിന്ദ് ലക്ഷ്യമിട്ടിരുന്നത്. സർവീസ് നടത്താനായുള്ള ഏഴ് എടിആർ 72-600 വിമാനങ്ങളിൽ ആദ്യത്തേത് 2025 മാർച്ചിൽ എത്തുമെന്നായിരുന്നു പ്രതീക്ഷ.
പക്ഷേ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഇത് നീണ്ട് പോയി. ആദ്യം കൊച്ചിയെ ഹബ്ബാക്കി പ്രവർത്തനം തുടങ്ങിയ ശേഷം ശൃംഖല വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ‘മൾട്ടി-ബേസ് ആശയം’ സ്വീകരിക്കാനായിരുന്നു തീരുമാനം.
കൊച്ചി-തിരുവനന്തപുരം- മേഖലകളിൽ മുൻഗണന കൊടുത്ത ശേഷം 18 മാസത്തിനുള്ളിൽ ഗൾഫിലേക്ക് വികസിപ്പിക്കുന്നതിന് മുമ്പ് ഇന്ത്യയിലുടനീളമുള്ള 40-ലധികം വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുക എന്നതും കമ്പനി ലക്ഷ്യമിട്ടിരുന്നു.
നിലവിലെ സാഹചര്യം മൂലം കമ്പനി പ്രവർത്തനമാരംഭിക്കുന്നത് പിന്നെയും നീണ്ട് പോകുകയാണ്. 2024 ഓഗസ്റ്റിൽ നേരത്തെ എയർലൈനിന് ഡിജിസിഎയുടെ പ്രാരംഭ അനുമതി ലഭിച്ചിരുന്നു. 20,000 കോടി രൂപയിലധികം വിറ്റുവരവും ഇന്ത്യയിലും വിദേശത്തുമായി 130 ലധികം ഓഫിസുകളുമുള്ള അൽഹിന്ദ് ഗ്രൂപ്പ് നിരവധി പ്രശസ്‌ത എയർലൈനുകളുടെ ജനറൽ സെയിൽസ് ഏജൻ്റാണ്.
ഉടമസ്ഥാവകാശ കൈമാറ്റത്തിൽ എയർ കേരള
കൊച്ചി ആസ്ഥാനമായി കഴിഞ്ഞ വർഷം തുടങ്ങാനിരുന്ന എയർ കേരളയും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ആലുവയിൽ കമ്പനിയുടെ കോർപ്പറേറ്റ് ഓഫിസ് തുറന്നുവെങ്കിലും നിലവിൽ ഉടമസ്ഥാവകാശ കൈമാറ്റത്തിൽപെട്ട് നിൽക്കുകയാണ് കമ്പനിയെന്ന് എയർ കേരളയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉയർന്ന ഉദ്യോഗസ്ഥൻ ഇ ടിവി ഭാരതിനെ അറിയിച്ചു. കമ്പനി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിട്ടില്ല. പുതിയ നിക്ഷേപകരെ തേടുകയാണ്.
2024ൽ തന്നെ കേന്ദ്രസർക്കാരിൽ നിന്ന് അനുമതിപത്രം (എൻഒസി) ലഭിച്ച കമ്പനിക്ക് 2025 മെയ്യിൽ ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട് അസോസിയേഷനിൽ (അയാട്ട) നിന്ന് വിമാന സർവീസിനുള്ള എയർലൈൻ കോഡും ലഭിച്ചിരുന്നു. കെഡി (KD) എന്ന കോഡാണ് ലഭിച്ചത്.
ആകെ അഞ്ച് ഘട്ടങ്ങളാണ് പ്രവർത്തനം തുടങ്ങാൻ പിന്നിടേണ്ടത്. എന്നാൽ സ്വന്തമായി വിമാനം ഹാജരാക്കേണ്ട ഘട്ടത്തിൽ കമ്പനിക്ക് അതിന് കഴിഞ്ഞിരുന്നില്ല. അതോടെ പ്രവർത്തനം മന്ദീഭവിച്ചു. വിമാനം പാട്ടത്തിന് നൽകണമെങ്കിൽ 12 മാസത്തെ വാടക മുൻകൂറായി കെട്ടിവയ്ക്കണമെന്നാണ് വിദേശ കമ്പനികളുടെ ആവശ്യം. അല്ലെങ്കിൽ 200 കോടി രൂപ ബാങ്ക് ബാലൻസ് കാണിക്കണം.
ഗോ ഫസ്‌റ്റ് ഉൾപ്പെടെ ഇന്ത്യയിൽ ചില കമ്പനികൾ പാപ്പരത്ത നടപടിയിലേക്ക് ഉൾപ്പെടെ വീണ പശ്ചാത്തലത്തിലാണ് വിമാനം പാട്ടത്തിന് നൽകുന്ന വിദേശ കമ്പനികളുടെ കടുംപിടിത്തം. 76 സീറ്റുകളുള്ള അഞ്ച് വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ സർവീസിനായി ഉപയോഗിക്കാനിരുന്നത്. വിമാനങ്ങൾ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാർ ഒപ്പുവെച്ചിരുന്നുവെങ്കിലും പിന്നീടത് മുന്നോട്ട് പോയില്ല.
നിലവിൽ ആഭ്യന്തര സർവ്വീസാണ് ലക്ഷ്യമിടുന്നതെങ്കിലും 20 വിമാനങ്ങൾ ലഭ്യമാക്കി രണ്ട് വർഷത്തിനുള്ളിൽ അന്താരാഷ്ട്ര സർവീസും കൂടി തുടങ്ങാനാണ് എയർ കേരള ലക്ഷ്യമിട്ടിരുന്നത്.
ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് കൂടി പറന്നെത്തി കൂടുതൽ ആളുകളെ വിമാനയാത്ര ചെയ്യാൻ പ്രേരിപ്പിക്കും വിധത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയർ കേരള സർവീസ് നടത്താൻ തയ്യാറെടുത്തിരുന്നത്.






