
തിരുവനന്തപുരം: കെഎസ്ഇബി നടപ്പാക്കുന്ന ടൈം ഓഫ് ഡേ (ടിഒഡി)ബില്ലിങ് സംബന്ധിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണെന്ന് കെഎസ്ഇബി. എല്ലാ ഉപയോക്താക്കൾക്കും ഈ ബില്ലിങ് രീതി ബാധകമല്ലെന്നും ചില പ്രത്യേക വിഭാഗങ്ങൾക്ക് മാത്രമാണ് ഇത് ഏർപ്പെടുത്തിയതെന്നും ബോർഡ് വ്യക്തമാക്കി.
പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾ, 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപയോക്താക്കൾ, ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപയോക്താക്കൾ (റെയിൽവേ ട്രാക്‌ഷൻ, വാട്ടർ അതോറിറ്റി എന്നിവയൊഴികെ) എന്നിവർക്ക് മാത്രമാണ് ടിഒഡി ബില്ലിങ്. ദിവസത്തെ മൂന്ന് സമയമേഖലകളായി തിരിച്ചാണിത്.
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയുള്ള നോർമൽ സോണിൽ ഗാർഹിക, വ്യാവസായിക ഉപയോക്താക്കൾക്ക് സാധാരണ നിരക്കിനേക്കാൾ 10 ശതമാനം കുറവ് മാത്രമേ ഈടാക്കൂ. രാത്രി 10 മുതൽ രാവിലെ ആറുവരെയുള്ള ഓഫ് പീക്ക് സമയത്തും ഗാർഹിക ഉപയോക്താക്കൾക്ക് സാധാരണ നിരക്കാണ് ഈടാക്കുന്നത്.
എന്നാൽ വൈദ്യുതി ഉപയോഗം കൂടുന്ന വൈകിട്ട് ആറുമുതൽ രാത്രി 10 വരെയുള്ള പീക്ക് സമയത്ത് ഗാർഹിക ഉപയോക്താക്കൾക്ക് 25 ശതമാനവും വ്യാവസായിക ഉപയോക്താക്കൾക്ക് 50 ശതമാനവും അധിക നിരക്ക് നൽകേണ്ടി വരും.
പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം അൽപ്പമെങ്കിലും ക്രമീകരിച്ചാൽ സാധാരണ ബില്ലിനേക്കാൾ കുറഞ്ഞ തുക മാത്രമേ ടിഒഡി മീറ്റർ വഴി വരികയുള്ളൂ എന്ന് കെഎസ്ഇബി വ്യക്തമാക്കി. 20 കിലോവാട്ടിന് മുകളിൽ ലോഡുള്ള വ്യവസായങ്ങൾക്കും ഇത് വലിയ ലാഭമുണ്ടാക്കും.
ഏറ്റവും ഉപഭോക്തൃസൗഹൃദമായ ഈ സംവിധാനത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തള്ളിക്കളയണമെന്ന് കെഎസ്ഇബി അധികൃതർ അഭ്യർഥിച്ചു.






