റഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽഎണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയുടെ ജിഡിപി പ്രവചനത്തിൽ വൻ ഇടിവ്യൂറോപ്യൻ വിപണി തുറന്നു; കടൽവിഭവ കയറ്റുമതിയിൽ ഇന്ത്യക്ക് നേട്ടമെന്ന് പിയൂഷ് ഗോയൽനഷ്‌ടം പ്രതിമാസം 30,000 കോടി: ഇന്ധനവില കൂട്ടേണ്ടിവരുമെന്ന് പെട്രോളിയം മന്ത്രാലയം

ഇന്ത്യൻ കാര്‍ഷിക മേഖലയില്‍ കുതിപ്പ്; കാലാവസ്ഥാ കെടുതികളെ തോല്‍പ്പിക്കാന്‍ പുതിയ വിത്തിനങ്ങള്‍

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിപ്ലവകരമായ ചുവടുവെപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 11 വര്‍ഷത്തിനിടെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള 2,996 പുതിയ വിള ഇനങ്ങളാണ് ഇന്ത്യ വികസിപ്പിച്ചത്. വരള്‍ച്ച, വെള്ളപ്പൊക്കം, അതിതീവ്ര ഉഷ്ണതരംഗങ്ങള്‍ എന്നിവയെ അതിജീവിച്ച് മികച്ച വിളവ് നല്‍കാന്‍ ശേഷിയുള്ളതാണ് ഈ വിത്തിനങ്ങളെന്ന് സുസ്ഥിര കൃഷിക്കായുള്ള ദേശീയ ദൗത്യം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും ദേശീയ കാര്‍ഷിക ഗവേഷണ സംവിധാനവും കൈകോര്‍ത്താണ് ഈ നേട്ടം കൈവരിച്ചത്. 2011-ല്‍ ആരംഭിച്ച ‘നാഷണല്‍ ഇന്നൊവേഷന്‍സ് ഓണ്‍ ക്ലൈമറ്റ് റെസിലന്റ് അഗ്രികള്‍ച്ചര്‍’ പദ്ധതി വഴിയാണ് ഈ പരീക്ഷണങ്ങള്‍ വിജയിച്ചത്. വിത്തു വിതയ്ക്കല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങളില്‍ നേരിട്ടുള്ള വിതയ്ക്കല്‍, സീറോ ടില്ലേജ് ഗോതമ്പ് കൃഷി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളും കര്‍ഷകരിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

കാലാവസ്ഥാ വ്യതിയാനം കനത്ത ആഘാതം സൃഷ്ടിക്കാന്‍ സാധ്യതയുള്ള 651 ജില്ലകളില്‍ സര്‍ക്കാര്‍ നടത്തിയ പഠനം ഞെട്ടിക്കുന്നതായിരുന്നു. ഇതില്‍ 310 ജില്ലകള്‍ അതീവ അപകടസാധ്യതയുള്ള മേഖലകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ പ്രതിസന്ധി മറികടക്കാന്‍ 28 സംസ്ഥാനങ്ങളിലായി 151 ദുര്‍ബല ജില്ലകളില്‍ 448 കാലാവസ്ഥാ പ്രതിരോധ മാതൃകാ ഗ്രാമങ്ങള്‍ സ്ഥാപിച്ചു. കൃഷി വെറും ഭാഗ്യപരീക്ഷണമല്ല, മറിച്ച് കൃത്യമായ പ്ലാനിങ്ങിലൂടെ വിജയിപ്പിക്കാവുന്ന ഒന്നാണെന്ന് ഈ ഗ്രാമങ്ങള്‍ തെളിയിക്കുന്നു.

ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നിവയ്‌ക്കൊപ്പം സുസ്ഥിരമായ ഒരു കാര്‍ഷിക വിപ്ലവത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മണ്ണും പ്രകൃതിയും മാറുന്നതിനനുസരിച്ച് കൃഷിരീതികളും പരിഷ്‌കരിക്കുന്നതിലൂടെ ഭാവിയിലെ ഭക്ഷ്യപ്രതിസന്ധികളെ ഫലപ്രദമായി നേരിടാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ഐസിഎആര്‍ അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേന്ദ്രത്തിന്റെ ഈ നീക്കം കോടിക്കണക്കിന് കര്‍ഷകര്‍ക്ക് പുതിയൊരു പ്രത്യാശയാണ് നല്‍കുന്നത്.

X
Top