
ന്യൂഡൽഹി: ഇപിഎഫ് അംഗങ്ങൾക്കുള്ള ഇഡിഎൽഐ (നിക്ഷേപ ബന്ധിത ഇൻഷുറൻസ്) പദ്ധതിയിലെ പുതിയ മാറ്റങ്ങൾ വഴി, ഓരോ വർഷവും സർവീസിലിരിക്കെ മരണപ്പെടുന്ന 20,000 കേസുകളിലെങ്കിലും കുടുംബങ്ങൾക്ക് സഹായമാകുമെന്ന ഇപിഎഫ്ഒ അറിയിച്ചു. മൂന്നു ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്.
മിനിമം ആനുകൂല്യം: ഒരു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിനു മുൻപ് അംഗം മരണപ്പെടുന്ന സാഹചര്യങ്ങളിൽ 50,000 രൂപയുടെ മിനിമം ഇൻഷുറൻസ് ആനുകൂല്യം കുടുംബത്തിനു ലഭ്യമാക്കും.
ഈ കുറഞ്ഞ കാലയളവിൽ നൽകിയ തുച്ഛമായ വിഹിതത്തിന് ഏറെക്കുറെ തത്തുല്യമായ തുകയാണ് നിലവിൽ ഇത്തരം കേസുകളിൽ കിട്ടിയിരുന്നത്.
6 മാസത്തിനുള്ളിലെ മരണം: ഇഡിഎൽഐ സ്കീമിലെ അവസാന വിഹിതമടച്ച് ശേഷമുള്ള 6 മാസത്തിനുള്ളിൽ മരണം സംഭവിച്ചാലും ഇനി ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാകും. മുൻപ് ഇത് ലഭ്യമായിരുന്നില്ല.
ഇടവേള 2 മാസം വരെ: രണ്ടു സ്ഥാപനങ്ങളിലെ തൊഴിലുകൾക്കിടയിലുള്ള ചെറുഇടവേളകൾ മൂലം ഇഡിഎൽഐയുടെ പൂർണ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമുണ്ടായിരുന്നു.
ഇനി മുതൽ 2 മാസം വരെയുള്ള ഇടവേളകളും ആനുകൂല്യം ലഭിക്കാൻ തടസ്സമാകില്ല.