ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഡീസലിൽ ഐസോബ്യൂട്ടനോള്‍ കലര്‍ത്തലിന് ഒരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ക്രൂഡ് ഓയില്‍ ഇറക്കുമതി കുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പെട്രോളിനു പിന്നാലെ ഡീസലിലും ‘കലര്‍ത്തലിന്’ ഒരുങ്ങി കേന്ദ്രം. പെട്രോളില്‍ എഥനോളാണ് കലര്‍ത്തിയതെങ്കില്‍ ഡീസലിനൊപ്പം ഐസോബ്യൂട്ടനോള്‍ എന്ന ജൈവ ഇന്ധനം കലര്‍ത്താനാണ് ശ്രമം.

ഐസോബ്യൂട്ടനോള്‍ നിര്‍ബന്ധമായും ഡീസലിനൊപ്പം കലര്‍ത്താനുള്ള ചരിത്രപരമായ തീരുമാനത്തിലേക്ക് കടക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറി വി. ഉമാശങ്കര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രി ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ആലോചന.

ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ രാജ്യാന്തര വിപണിയിലെ നേരിയ ചലനങ്ങള്‍ പോലും നമ്മുടെ രാജ്യത്തെ ഇന്ധനവിലയെ നേരിട്ടു ബാധിക്കാറുണ്ട്.

ഐസോബ്യൂട്ടനോള്‍ ഡീസലില്‍ കലര്‍ത്തുന്നതോടെ ഈ അമിത ആശ്രയത്വം കുറക്കാനാവുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. നേരത്തെ ഡീസലിനൊപ്പം എഥനോള്‍ കലര്‍ത്താന്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് കൂടുതല്‍ അനുയോജ്യമായ ഐസോബ്യൂട്ടനോളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

എന്താണ് ഐസോബ്യൂട്ടനോള്‍?
എഥനോളില്‍ നിന്നും നിര്‍മിക്കുന്ന ഉയര്‍ന്ന ഊര്‍ജ്ജശേഷിയുള്ള ഒരു ജൈവ ഇന്ധനമാണ് ഐസോബ്യൂട്ടനോള്‍. എഥനോളിനെ അപേക്ഷിച്ച് ഊര്‍ജ്ജം കൂടുതലാണെന്ന് മാത്രമല്ല. എന്‍ജിന്‍ ഭാഗങ്ങള്‍ തുരുമ്പെടുക്കാനുള്ള സാധ്യതയും കുറവാണ്.

ഡീസലുമായി വേഗത്തില്‍ കലരുമെന്നതും ഐസോബ്യൂട്ടനോളിന്റെ മേന്മയായി വിലയിരുത്തപ്പെടുന്നു. ഡീസല്‍ എന്‍ജിനുകളില്‍ കാര്യമായ മാറ്റം വരുത്താതെ തന്നെ ഐസോബ്യൂട്ടനോള്‍ മിശ്രിതം ഉപയോഗിക്കാനാവുമെന്നതും പദ്ധതിക്കുള്ള ഗുണമാണ്.

നിലവില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം ഡീസല്‍ വില ലീറ്ററിന് 100 രൂപക്ക് അടുത്താണ്. ന്യൂഡല്‍ഹി(95.20 രൂപ), മുംബൈ(97.83 രൂപ), ബെംഗളുരു(98.80 രൂപ), ചെന്നൈ(99.78 രൂപ), കൊല്‍ക്കത്ത(99.82 രൂപ) എന്നിങ്ങനെ പോവുന്നു പ്രമുഖ നഗരങ്ങളിലെ ഒരു ലീറ്റര്‍ ഡീസലിന്റെ വില. ഈ വര്‍ഷം തന്നെ ഐസോബ്യൂട്ടനോള്‍ മിശ്രിതം വിപണിയിലെത്തിയാല്‍ പോലും പെട്ടെന്ന് തന്നെ ഡീസല്‍ വിലയില്‍ കുറവുണ്ടാവില്ല.

എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ജൈവ ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നത് ഫോസില്‍ ഇന്ധനങ്ങളോടുള്ള ആശ്രിതത്വം കുറക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ചരക്കു ഗതാഗത മേഖലയില്‍ ഇത് ഗുണം ചെയ്യും.

ഡീസലില്‍ കലരാത്ത എഥനോള്‍
ആദ്യഘട്ടത്തില്‍ പെട്രോളിലേതു പോലെ ഡീസലിലും എഥനോള്‍ കലര്‍ത്താനാണ് ശ്രമം നടത്തിയത്. പെട്രോളില്‍ 20 ശതമാനം വരെ എഥനോള്‍ കലര്‍ത്തുന്നതില്‍ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ ഡീസലില്‍ ഇത് അത്ര എളുപ്പത്തില്‍ നടക്കില്ല. ഡീസലില്‍ എഥനോള്‍ അത്ര എളുപ്പത്തില്‍ കലരില്ലെന്നതാണ് വെല്ലുവിളിയായത്.

2025 സെപ്തംബറില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി തന്നെ ഇക്കാര്യം സമ്മതിച്ചിരുന്നു. ഡീസലില്‍ 10 ശതമാനം എഥനോള്‍ കലര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നുമാണ് നിതിന്‍ ഗഡ്ക്കരി പറഞ്ഞത്.

എഥനോളിനെ അപേക്ഷിച്ച് ഐസോബ്യൂട്ടനോള്‍ ഡീസലുമായി വേഗത്തില്‍ ലയിക്കും. ട്രക്കുകള്‍, ബസുകള്‍ തുടങ്ങിയ വലിയ വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം വലിയ തോതില്‍ കുറക്കാനും സാധിക്കും.

X
Top