
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പനയെന്ന നേട്ടം 2026 മെയ് മാസത്തില്‍ സ്വന്തമാക്കി മാരുതി സുസുക്കി. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി 2,42,688 വാഹനങ്ങളാണ് മാരുതി സുസുക്കി മേയ് മാസത്തില്‍ വിറ്റഴിച്ചത്. പാസഞ്ചര്‍ കാറുകള്‍, എസ് യുവികള്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ എന്നിവക്കെല്ലാം വിപണിയില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയാണ് മാരുതി സുസുക്കിയെ വില്‍പനയുടെ സര്‍വകാല റെക്കോഡിലേക്കെത്തിച്ചത്.
ഇന്ത്യന്‍ വിപണിയില്‍ മാത്രം 1,95,535 വാഹനങ്ങള്‍ മാരുതി സുസുക്കി മെയ് മാസത്തില്‍ വിറ്റു. ഇതും റെക്കോഡാണ്. ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതി സുസുക്കിക്കുള്ള മേല്‍ക്കൈ തുടരുമെന്ന സൂചനയാണ് ഏറ്റവും ഒടുവില്‍ പ്രതിമാസ വില്‍പനയുടെ കണക്കുകളും നല്‍കുന്നത്.
ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍, വാഗണ്‍ ആര്‍, ഫ്രോങ്‌സ് എന്നിവയെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. ആള്‍ട്ടോയും എസ് പ്രസോയും അടങ്ങിയ ചെറുകാര്‍ വിഭാഗവും വില്‍പനയില്‍ കുതിപ്പു രേഖപ്പെടുത്തി.
പ്രീമിയം മോഡലുകളായ മാരുതി സുസുക്കി ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍, വാഗണ്‍ ആര്‍ എന്നിവക്കൊപ്പം സെലേറിയോ, ഇഗ്നിസ്, സിയാസ് എന്നിവയും ചേര്‍ന്ന് കഴിഞ്ഞ മാസം 81,555 യൂണിറ്റുകളുടെ വില്‍പനയാണ് നടത്തിയത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇത് 61,960 യൂണിറ്റുകളായിരുന്നു. എന്‍ട്രി ലെവല്‍ മോഡലുകളായ ആള്‍ട്ടോയും എസ്പ്രസോയും ചേര്‍ന്ന് 16,275 യൂണിറ്റുകളുടെ വില്‍പന നടന്നു. കഴിഞ്ഞ മെയ് മാസത്തില്‍ 6,776 യൂണിറ്റുകളുടെ വില്‍പനയാണ് ഇപ്പോള്‍ 16,275ലേക്ക് കുതിച്ചിരിക്കുന്നത്.
യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ ബ്രെസ, എര്‍ട്ടിഗ, ഇ വിറ്റാര, ഫ്രോങ്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്ടോ, ജിമ്‌നി, വിക്ടോറിസ്, എക്‌സ്എല്‍6 എന്നിവ ചേര്‍ന്ന് 79,267 യൂണിറ്റുകളുടെ വില്‍പനയാണ് മെയ് മാസത്തില്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഈ വിഭാഗത്തിലെ വില്‍പന 54,899 യൂണിറ്റുകളുടേതായിരുന്നു. ഈക്കോ മാത്രം 13,240 എണ്ണം മെയില്‍ വിറ്റുപോയി.
ആഭ്യന്തര വിപണിയില്‍ മാത്രമല്ല വിദേശ വിപണികളിലും മാരുതി സുസുക്കി മികച്ച പ്രകടനം നടത്തി കഴിഞ്ഞ മാസം 41,914 വാഹനങ്ങളാണ് മാരുതി സുസുക്കി വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഇത് 31,219 യൂണിറ്റുകളായിരുന്നു.
ആഭ്യന്തര വിപണിയും കയറ്റുമതിയും ചേര്‍ത്തുള്ള ആകെ വില്‍പന 2,42,688യൂണിറ്റുകളിലേക്കെത്തിക്കാനും മാരുതി സുസുക്കിക്ക് സാധിച്ചു.






