
കൊച്ചി: രാജ്യത്തെ പ്രമുഖ സ്വര്‍ണപ്പണയ കമ്പനികളായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് എന്നിവരുടെ ആകെ സ്വര്‍ണ്ണശേഖരം 2026 സാമ്പത്തിക വര്‍ഷത്തില്‍ (FY26) 334 ടണ്ണെന്ന എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡിലെത്തി.
കേരളത്തിന്റെ സാമ്പത്തിക വിപണിയിലെ കരുത്തരായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് എന്നിവയുള്‍പ്പെടെ രാജ്യത്തെ മൂന്ന് പ്രമുഖ ലിസ്റ്റഡ് സ്വര്‍ണപ്പണയ കമ്പനികളുടെ ആകെ സ്വര്‍ണശേഖരത്തില്‍ വന്‍ വര്‍ധന. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഈ കമ്പനികളുടെ കൈവശമുള്ള ആകെ സ്വര്‍ണശേഖരം 20 ടണ്‍ വര്‍ധിച്ച് 334 ടണ്ണെന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ധനയാണിത്.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (World Gold Council) കണക്കുകള്‍ പ്രകാരം, ഈ മൂന്ന് ഇന്ത്യന്‍ കമ്പനികളുടെ ആകെ സ്വര്‍ണശേഖരം ലോകത്തിലെ പല പ്രമുഖ കേന്ദ്ര ബാങ്കുകളുടെയും കരുതല്‍ ശേഖരത്തേക്കാള്‍ കൂടുതലാണ്. യുണൈറ്റഡ് കിംഗ്ഡം (310 ടണ്‍), ബ്രസീല്‍ (172 ടണ്‍), സിംഗപ്പൂര്‍ (194 ടണ്‍) എന്നീ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം ഇന്ന് ഈ മൂന്ന് ധനകാര്യ സ്ഥാപനങ്ങളുടെ ലോക്കറുകളിലുണ്ട്.
ആര്‍.ബി.ഐ ശേഖരത്തിന്റെ 38 ശതമാനം; ഇറക്കുമതിയുടെ പകുതിയോളം
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ആകെ സ്വര്‍ണ കരുതല്‍ ശേഖരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കമ്പനികളുടെ പക്കലുള്ള സ്വര്‍ണം മുന്‍വര്‍ഷത്തെ 36 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി വര്‍ധിച്ചു. ഇന്ത്യയുടെ വാര്‍ഷിക സ്വര്‍ണ ഇറക്കുമതിയുടെ 46 ശതമാനത്തോളം വരും ഈ മൂന്ന് കമ്പനികളുടെയും ശേഖരം.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനം ഇടിഞ്ഞ് 721 ടണ്ണിലെത്തി നില്‍ക്കുമ്പോഴാണ് ഈ വന്‍കിട കമ്പനികളുടെ സ്വര്‍ണശേഖരത്തില്‍ മികച്ച വര്‍ധനയുണ്ടായിരിക്കുന്നത്.
2026 മാര്‍ച്ച് അവസാന വാരത്തിലെ കണക്കനുസരിച്ച് റിസര്‍വ് ബാങ്കിന്റെ പക്കല്‍ 880.5 ടണ്‍ സ്വര്‍ണമാണുള്ളത് (മുന്‍വര്‍ഷം 879.6 ടണ്‍). ഇതില്‍ 680 ടണ്‍ രാജ്യത്തിനകത്തും, 197.7 ടണ്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സിലും (BIS), 2.8 ടണ്‍ സ്വര്‍ണ നിക്ഷേപങ്ങളായുമാണ് സൂക്ഷിച്ചിരിക്കുന്നത്.
തിരിച്ചുവരവ് നടത്തി ഐ.ഐ.എഫ്.എല്‍; നേട്ടവുമായി മണപ്പുറം ഫിനാന്‍സ്
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണശേഖരത്തില്‍ ഉണ്ടായ മൊത്തം വര്‍ധനയ്ക്ക് പ്രധാന പങ്കുവഹിച്ചത് ഐ.ഐ.എഫ്.എല്‍ ഫിനാന്‍സാണ് (IIFL Finance).
2025 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ സ്വര്‍ണ വായ്പകള്‍ നല്‍കുന്നതില്‍ ആര്‍.ബി.ഐ ഏര്‍പ്പെടുത്തിയ ആറുമാസത്തെ നിയന്ത്രണം കമ്പനിയെ ബാധിച്ചിരുന്നു. എന്നാല്‍ വിലക്ക് മാറിയതോടെ മികച്ച രീതിയില്‍ ബിസിനസ് വീണ്ടെടുത്ത കമ്പനി, ഈ വര്‍ഷം മാത്രം 19 ടണ്‍ സ്വര്‍ണമാണ് പുതുതായി ചേര്‍ത്തത്. ഇതോടെ ഇവരുടെ ആകെ ശേഖരം 60 ടണ്ണിലെത്തി.
കേരളം ആസ്ഥാനമായുള്ള മണപ്പുറം ഫിനാന്‍സും (Manappuram Finance) സ്വര്‍ണശേഖരത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ 7 ടണ്‍ (11.7 ശതമാനം) വര്‍ധനയോടെ മണപ്പുറത്തിന്റെ ആകെ സ്വര്‍ണ്ണശേഖരം 63 ടണ്ണിലെത്തി. മൈക്രോഫിനാന്‍സ് മേഖലയില്‍ തിരിച്ചടവ് വൈകുന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് മണപ്പുറം ഫിനാന്‍സ് സ്വര്‍ണ വായ്പകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഈ വര്‍ധനയ്ക്ക് കാരണമായത്.
മുത്തൂറ്റ് ഫിനാന്‍സിന്റെ ശേഖരത്തില്‍ നേരിയ കുറവ്
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ കമ്പനിയായ കേരളത്തിന്റെ മുത്തൂറ്റ് ഫിനാന്‍സിന്റെ (Muthoot Finance) സ്വര്‍ണശേഖരത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7 ടണ്‍ (3.2 ശതമാനം) കുറവ് രേഖപ്പെടുത്തി. ഇതോടെ മുത്തൂറ്റിന്റെ കൈവശമുള്ള സ്വര്‍ണ്ണം 209 ടണ്ണായി.
വര്‍ഷം മുഴുവന്‍ സ്വര്‍ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ കുറവിന് കാരണമായി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
സ്വര്‍ണവില ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുമ്പോള്‍, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ അളവില്‍ സ്വര്‍ണം പണയം വെച്ചുകൊണ്ട് തന്നെ തങ്ങള്‍ക്ക് ആവശ്യമുള്ള വലിയ തുക വായ്പയായി ലഭിക്കും. ഇതാണ് മുത്തൂറ്റിന്റെ ലോക്കറുകളിലെ സ്വര്‍ണത്തിന്റെ അളവില്‍ നേരിയ കുറവുണ്ടാകാന്‍ കാരണം. എന്നാല്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി വിപണിയില്‍ വ്യക്തമായ മേധാവിത്തം തുടരുകയാണ്.






