ന്യൂഡൽഹി: ജപ്പാൻ-ഇന്ത്യ അർദ്ധചാലക വിതരണ ശൃംഖല പങ്കാളിത്തത്തിൽ ഇന്ത്യയും ജപ്പാനും തമ്മിൽ ഒപ്പുവച്ച സഹകരണ മെമ്മോറാണ്ടം (എംഒസി) ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
“2023 ജൂലൈയിൽ ഒപ്പുവെച്ചത് മുതൽ പ്രാബല്യത്തിൽ വന്ന ഈ ധാരണാപത്രം, വ്യവസായങ്ങളുടെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും പുരോഗതിക്ക് അർദ്ധചാലകങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, അർദ്ധചാലക വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു.” മന്ത്രിസഭയുടെ പ്രസ്താവന പറയുന്നു.
പ്രതിരോധശേഷിയുള്ള അർദ്ധചാലക വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, സർക്കാരുകൾ തമ്മിലും, ബിസിനസ്സുകൾ തമ്മിലും (B2B) സഹകരണത്തിനുള്ള അഞ്ചുവർഷത്തെ പ്രതിബദ്ധത MoC രൂപരേഖയിലുണ്ട്.
അവരുടെ പരസ്പര പൂരകമായ ശക്തികൾ മുതലാക്കി, അർദ്ധചാലക മേഖലയുടെ വളർച്ച സുഗമമാക്കാനും വിവര സാങ്കേതിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പങ്കാളിത്തം ലക്ഷ്യമിടുന്നു.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഇലക്ട്രോണിക്സ് നിർമ്മാണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ സജീവമായി പ്രവർത്തിക്കുകയാണ്.
ഉഭയകക്ഷി, പ്രാദേശിക ചട്ടക്കൂടുകളിലൂടെ വളർന്നുവരുന്ന ഇൻഫർമേഷൻ ടെക്നോളജി മേഖലകളിൽ MeitY അന്താരാഷ്ട്ര സഹകരണത്തിലും ഏർപ്പെട്ടിട്ടുണ്ട്. ജപ്പാനുമായുള്ള ഈ പുതിയ ധാരണാപത്രം, അർദ്ധചാലക മേഖലയിലെ ബിസിനസ് അവസരങ്ങളും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ ശ്രമങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നു.
ജപ്പാനുമായുള്ള ഈ സഹകരണം പ്രധാനമന്ത്രി മോദിയുടെ 2018-ലെ ജപ്പാൻ സന്ദർശന വേളയിൽ ആരംഭിച്ച “ഇന്ത്യ-ജപ്പാൻ ഡിജിറ്റൽ പങ്കാളിത്തം” (IJDP) അടിസ്ഥാനമാക്കിയുള്ളതാണ്.