
കൊച്ചി: ഇന്ത്യൻ ഇരുചക്ര വാഹന വിപണി വലിയ മത്സരത്തിന് ഒരുങ്ങുന്നു. ബജാജ് പള്‍സർ 200, ഹീറോ എക്‌സ്‌ട്രീം 250 ആർ തുടങ്ങി വൈവിദ്ധ്യമാർന്ന നിരവധി മോഡലുകളാണ് പുതുവർഷത്തില്‍ വിപണിയിലെത്തുന്നത്.
ബജാജ്. ഹീറോ, സുസുക്കി, റോയല്‍ എൻഫീല്‍ഡ് തുടങ്ങിയ കമ്ബനികളെല്ലാം പുതു മോഡലുകളുമായി വിപണിയില്‍ മികച്ച വളർച്ച നേടാൻ ഒരുങ്ങുകയാണ്. കാർഷിക മേഖലയിലെ ഉണർവിന്റെ കരുത്തില്‍ ഗ്രാമങ്ങളില്‍ ഇരുചക്ര വാഹനങ്ങളുടെ വില്പന മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കമ്ബനികള്‍ പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.
ഹോണ്ട ക്യു സി1
ഹോണ്ട മോട്ടോർ സൈക്കിള്‍ ആൻഡ് സ്കൂട്ടർ ഇന്ത്യ ആക്ടിവ ഇയുടെയും ക്യു.സി1ന്റെയും ബുക്കിംഗിന് തുടക്കമിട്ടാണ് പുതുവർഷത്തിലേക്ക് കടന്നത്. ന്യൂഡല്‍ഹി, ബാംഗ്ളൂർ, മുംബയ് തുടങ്ങിയ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാണ് ക്യു.സി 1 ബുക്ക് ചെയ്യാൻ അവസരം.
മികച്ച എൻജിനിയറിംഗ് വൈദഗ്ദ്ധ്യവും ഡിസൈനും രൂപഭംഗിയും സംയോജിക്കുന്നതാണ് ഹോണ്ട ക്യു സി1. ആയിരം രൂപ മുടക്കി ഈ മോഡല്‍ ബുക്ക് ചെയ്യാനാകും. അഞ്ച് വിവിധ നിറങ്ങളിലാണ് ഹോണ്ട ക്യു. സി1 വിപണിയിലെത്തുന്നത്.
ഒറ്റ ചാർജില്‍ 80 കിലോമീറ്റർ വരെ ലഭിക്കുന്ന 1..5 കെ.ഡബ്‌ള്യു.എച്ച് ഫിക്‌സഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. എണ്‍പത് ശതമാനം വരെ ചാർജ് നാലര മണിക്കൂറില്‍ ചെയ്യാനാകും.
ഹോണ്ട ആക്‌ടിവ ഇ
സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുമായാണ് ഹോണ്ട മോട്ടോർ സൈക്കിള്‍ ആക്ടിവ ഇ വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നത്. ഏഴ് ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ളേ, കണക്ടിവിറ്റിക്ക് അധിക സംവിധാനം എന്നിവ ഇതിലുണ്ടാകും.
പ്രതീക്ഷിക്കുന്ന വില
ഒരു ലക്ഷം മുതല്‍ 1.2 ലക്ഷം രൂപ വരെ
ബജാജ് പള്‍സർ ആർ.എസ് 200
ബജാജിന്റെ പള്‍സറിന്റെ പുതുക്കിയ മോഡലായ ആർ.എസ് 200 വിപണിയില്‍ അവതരിപ്പിച്ചു. പഴയ ആർ.എസ് 200 പോലെ തന്നെ രൂപമുള്ള വാഹനത്തിന്റെ പ്രകടനത്തിലെ മികവാണ് കരുത്താകുന്നത്.
സ്‌പ്ളിറ്റ് ബ്രാക്കറ്റ് രൂപത്തിലുള്ള സംയോജിതമായ എല്‍.ഇ.ഡി ലൈറ്റുകളാണ് പ്രധാന മാറ്റം. 199 സി.സി സിംഗിള്‍ സിലിണ്ടർ എൻജിനാണുള്ളത്. സ്മാർട്ട് ഫോണ്‍ കണക്‌ടിവിറ്റി, 17 ഇഞ്ച് അലോയ് വീല്‍ എന്നിവ അധിക സൗകര്യങ്ങളാണ്.
വില 1,84,115 രൂപ (എക്സ് ഡെല്‍ഹി ഷോറൂം)