
ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന സ്‌കൂട്ടറിനായി പേറ്റന്റ് സമര്‍പ്പിച്ച് ടൊയോട്ട. സുസുക്കിയുടെ ബര്‍ഗ്മാന്‍ സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയുള്ള മോഡലിനാണ് ടൊയോട്ട പകര്‍പ്പവകാശ അപേക്ഷനല്‍കിയിരിക്കുന്നത്. ട്രക്കുകള്‍ക്കും ബസുകള്‍ക്കും പുറമേ ടൊയോട്ട മിറായ്, ഹ്യുണ്ടേയ് നെക്‌സോ തുടങ്ങിയ കാറുകളും ഹൈഡ്രജന്‍ ഇന്ധനമാക്കുന്നുണ്ട്. സ്‌കൂട്ടറുകളിലേക്കു കൂടി ഹൈഡ്രജന്‍ ഇന്ധനമാക്കി ഉപയോഗിക്കാനുള്ള സാധ്യതയാണ് ടൊയോട്ടയുടെ പുതിയ പേറ്റന്റ് അപേക്ഷ മുന്നോട്ടുവെക്കുന്നത്.
നിലവില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും പരിസ്ഥിതി സൗഹൃദമായ മറ്റ് ഇന്ധന സാധ്യതകള്‍ കൂടി പരിശോധിക്കപ്പെടുന്നുണ്ട് ഇതിന്റെ ഭാഗമായാണ് ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന വാഹനങ്ങളുടെ സാധ്യത വരുന്നത്. സാധാരണ ഐസിഇ മോഡലുകളെ അപേക്ഷിച്ച് ഹൈഡ്രജന്‍ വാഹനങ്ങള്‍ വില കൂടുമെങ്കിലും പരിസ്ഥിതി സൗഹൃദമാണെന്നതാണ് ശ്രദ്ധേയം. ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയിലോ സാധാരണ ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനുകളിലോ ഹൈഡ്രജനെ ഇന്ധനമായി ഉപയോഗിക്കാനാവും.
ഇതുവരെ ഹൈഡ്രജന്‍ ഇന്ധനമായുള്ള ഇരുചക്രവാഹനങ്ങളുടെ മോഡലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഒരു കമ്പനിയും നിര്‍മിച്ചിട്ടില്ലെന്നതാണ് വെല്ലുവിളി. വൈദ്യുത വാഹനങ്ങളില്‍ പിന്നില്‍ പോയെങ്കിലും ഹൈഡ്രജന്‍ ഇന്ധനമായുള്ള വാഹനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനാണ് ടൊയോട്ട ശ്രമം. അതിനുള്ള തെളിവാവുകയാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സ്‌കൂട്ടറിന്റെ പേറ്റന്റിനായുള്ള അപേക്ഷ. സുസുക്കി ബര്‍ഗ്മാന്‍ 400ന്റെ പഴയ പതിപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ് ടൊയോട്ട ഹൈഡ്രജന്‍ സ്‌കൂട്ടര്‍ വികസിപ്പിക്കുന്നത്.
എടുത്തുമാറ്റാവുന്ന ഹൈഡ്രജന്‍ ടാങ്കാണ് ഇതിന്റെ സവിശേഷത. ഹൈഡ്രജന്‍ സ്‌മോള്‍ മൊബിലിറ്റി ആന്റ് എന്‍ജിന്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ടൊയോട്ടയും സുസുക്കിയും ഉള്‍പ്പടെയുള്ള പ്രമുഖ ജാപ്പനീസ് കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ച ഇരുചക്രവാഹനങ്ങള്‍ക്കായുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയിലും സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.
2011ല്‍ പുറത്തിറങ്ങിയ ബര്‍ഗ്മാന്‍ ഫ്യുവല്‍ സെല്‍ പ്രോട്ടോട്ടെപ്പിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ടയുടെ പുതിയ പേറ്റന്റ്. 2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ സുസുക്കി ഒരു ഹൈഡ്രജന്‍ എന്‍ജിന്‍ ബര്‍ഗ്മാന്‍ കണ്‍സെപ്റ്റിനെ അവതരിപ്പിച്ചിരുന്നു.
ഫ്യുവല്‍ സെല്‍ മേഖലയിലെ മുന്‍പരിചയം സാധ്യതയാക്കാനായി ടൊയോട്ട ഈ രംഗത്താവും ശ്രദ്ധ കേന്ദ്രീകരിക്കുക. സാങ്കേതികവിദ്യക്കപ്പുറം പ്രായോഗികമായ വെല്ലുവിളികളെക്കുറിച്ചും ടൊയോട്ട പഠിക്കുന്നുണ്ടെന്നും പകര്‍പ്പവകാശ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
ഹൈഡ്രജന്‍ ടാങ്ക് പുറത്തെടുക്കുന്നതിനായി രണ്ട് വ്യത്യസ്ത രീതികളാണ് ടൊയോട്ട തങ്ങളുടെ പ്ലാന്റില്‍ കാണിച്ചിരിക്കുന്നത്. ആദ്യത്തേത് ഒരു വിജാഗിരി പോലുള്ള സംവിധാനം ഉപയോഗിച്ച് സിലിണ്ടര്‍ ഹോള്‍ഡര്‍ ഒരു ഭാഗത്തേക്ക് വലിച്ചെടുക്കാവുന്ന രീതിയാണ്. രണ്ടാമത്തേത് സിസര്‍ ലിങ്കേജ് സിസ്റ്റത്തിന്റെ സഹായത്തില്‍ സിലിണ്ടര്‍ ഹോള്‍ഡര്‍ പുറത്തേക്ക് വലിക്കാവുന്ന രീതിയുമാണ്.
ഹൈഡ്രജന്‍ നേരിട്ട് കത്തിക്കുന്ന എന്‍ജിനുകളെ അപേക്ഷിച്ച് ഫ്യുവല്‍ സെല്ലുകള്‍ക്ക് കൂടുതല്‍ ശുദ്ധമായ ഹൈഡ്രജന്‍ ആവശ്യമാണ്. ഇത് ഉറപ്പിക്കാനാണ് മുന്‍കൂട്ടി നിറച്ച സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത്.
ഹൈഡ്രജന്‍ എന്‍ജിനുകളെ അപേക്ഷിച്ച് ഫ്യുവല്‍ സെല്ലുകള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദവുമാണ്. സൗരോര്‍ജ്ജം പോലുള്ള പുനരുപയോഗ സ്രോതസുകളില്‍ നിന്നാണ് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതെങ്കില്‍ മലിനീകരണം ഒട്ടുമില്ലെന്നും പറയാനാവും.
എയര്‍ഹോസ്റ്റസിലൂടെ പുറത്തുവരുന്ന ഏക ഉത്പന്നം വെള്ളമായിരിക്കും. എന്നാല്‍ ഹൈഡ്രജന്‍ എന്‍ജിനുകളില്‍ നൈട്രജന്‍ ഓക്‌സൈഡ് പോലുള്ള ചെറിയ തോതിലുള്ള മലിനീകരണത്തിനുള്ള സാധ്യതകളുണ്ട്.
ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ടക്കു പുറമേ ടിവിഎസും ബജാജുമെല്ലാം ഹൈഡ്രജന്‍ ഇരുചക്രവാഹനങ്ങള്‍ക്കായുള്ള ശ്രമം നടത്തുന്നുണ്ട്. ഭാരമേറിയ ബാറ്ററികളുള്ള വൈദ്യുത വാഹനങ്ങളെ അപേക്ഷിച്ച് മാറ്റിവെക്കാവുന്ന സിലിണ്ടര്‍ സംവിധാനമുള്ള ഹൈഡ്രജന്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യാനും എളുപ്പമായിരിക്കും.
എങ്കിലും തുടക്കത്തിലെങ്കിലും ഉയര്‍ന്ന വില ഈ വാഹനങ്ങള്‍ക്ക് ഈടാക്കേണ്ടി വരുമെന്നതാണ് ഹൈഡ്രജന്‍ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.






