
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും നിലവിലെ സാഹചര്യങ്ങളും ടൂറിസം മേഖലയ്ക്ക് ആഘാതമാകുന്നു.
ഇനിയും പൂർണതോതിൽ സാധാരണനിലയിലാകാത്ത വിമാനസർവീസുകൾ, യാത്രാതടസങ്ങൾ, വിദേശ വിനോദസഞ്ചാരികളുടെ വരവിലുണ്ടായ ഗണ്യമായ കുറവ് എന്നിവ ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങി ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളെ സാരമായി ബാധിച്ചു.
യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ കേരളത്തിൽനിന്ന് ആയിരക്കണക്കിനു പേരാണ് നേരത്തേ നിശ്ചയിച്ചിരുന്ന യാത്രകൾ റദ്ദാക്കിയത്. കേരളത്തിലേക്കുള്ള യാത്രികരുടെ വരവിലും ഗണ്യമായ കുറവുണ്ടായി.
ജനുവരി- മേയ് മാസങ്ങൾ കേരളത്തിൽ സാധാരണ ക്രൂയിസ് ടൂറിസത്തിന് ഉണർവുണ്ടാകാറുള്ള സമയമാണ്. എന്നാൽ വിനോദസഞ്ചാരികളുമായി കേരളത്തിലേക്കെത്തുന്ന കപ്പലുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടു കപ്പലുകളാണ് കൊച്ചിയിലെത്തിയത്.
ഉയർന്ന വിമാന യാത്രാക്കൂലിയും അനുബന്ധ ചെലവുകളിലെ വർധനയും സുരക്ഷാ പ്രശ്നങ്ങളും കേരളത്തിൽനിന്നുള്ള വിദേശയാത്രക്കാരെ പിന്നോട്ടടിച്ചു.
ആഭ്യന്തരയാത്രകളെ ഇപ്പോഴത്തെ സ്ഥിതി കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും വിദേശ വിനോദ സഞ്ചാര മേഖലയിൽ കോവിഡിനുശേഷമുള്ള വലിയ മാന്ദ്യമാണു നിലവിലുള്ളതെന്ന് കേരള ട്രാവൽ മാർട്ട് (കെടിഎം) സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ് പറഞ്ഞു.
വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനേ ഉയർന്നത് ടൂറിസം സ്ഥാപനങ്ങളുടെയും പ്രവർത്തനച്ചെലവ് വർധിക്കാനിടയാക്കി. വിദേശ ടൂറിസ്റ്റുകളുടെ ഓഫ് സീസൺ ആയതിനാൽ വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് അധികച്ചെലവും ഭാരമാകുന്നത്.
വായ്പകളുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള സ്ഥിര ബാധ്യതകളുടെയും ഭാരം ടൂറിസം മേഖലയിലെ സ്ഥാപനങ്ങളെ വലയ്ക്കുന്നുണ്ട്.






