രാജ്യത്ത് ഇന്ധന വില വർധനവ് ഏതാനും ദിവസത്തിനകം? LPG വിലയും വർധിപ്പിച്ചേക്കുംവിദേശ നിക്ഷേപ ചട്ടങ്ങളില്‍ ഇളവ്; ചൈനീസ് പങ്കാളിത്തമുള്ള കമ്പനികള്‍ക്കും ഇനി ഗ്രീന്‍ സിഗ്‌നല്‍നിര്‍മ്മാണ മേഖലയില്‍ ഏപ്രിലില്‍ കരുത്തുറ്റ തിരിച്ചുവരവ്നികുതി പിരിവില്‍ വളര്‍ച്ച അഞ്ച് ശതമാനം മാത്രംപശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്

കനത്ത ചൂട്: പച്ചക്കറി വിപണിയില്‍ പൊള്ളുന്ന വില

കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത ഉഷ്ണതരംഗവും വേനൽച്ചൂടും പച്ചക്കറി വിപണിയെ വൻതോതിൽ ബാധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ചെറുനാരങ്ങയുടെ വിലയിൽ ഉണ്ടായ വർദ്ധനവ് സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. കിലോയ്ക്ക് 60-70 രൂപയുണ്ടായിരുന്ന നാരങ്ങയുടെ വില ഏപ്രിൽ-മെയ് മാസങ്ങളിൽ കിലോയ്ക്ക് 250 രൂപ വരെയായി കുതിച്ചുയർന്നു. ചില്ലറ വിപണിയിൽ ഒരു നാരങ്ങയ്ക്ക് 10 മുതൽ 15 രൂപ വരെയാണ് ഇപ്പോൾ നൽകേണ്ടി വരുന്നത്.

പ്രതീക്ഷ മഴയില്‍
ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള നാരങ്ങയുടെ വലിയൊരു ഭാഗം ഉത്തരേന്ത്യൻ വിപണികളിലേക്ക് (യുപി, മഹാരാഷ്ട്ര, ഡൽഹി) തിരിച്ചുവിട്ടതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. കൂടാതെ, തമിഴ്നാട്ടില്‍ നിന്നുള്ള ചരക്കിന്റെ ഗതാഗത തടസങ്ങളും വിതരണത്തെ ബാധിച്ചു. എങ്കിലും, മെയ് മാസത്തിൽ നേരിയ തോതിൽ മഴ പെയ്തു തുടങ്ങിയതോടെ കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഹോൾസെയിൽ/റീട്ടെയിൽ വിപണികളിലൊന്നായ ബ്രോഡ്‌വേ എറണാകുളം പച്ചക്കറി മാർക്കറ്റിൽ നാരങ്ങ വില 180 രൂപ വരെയായി ഇപ്പോൾ മാറിയിട്ടുണ്ട്.

നാരങ്ങയ്ക്ക് പുറമെ മറ്റ് പച്ചക്കറികളുടെ വിലയും കുതിച്ചുയർന്നു. തക്കാളി കിലോയ്ക്ക് 35 രൂപയിൽ നിന്ന് 55 രൂപയായും, കോവയ്ക്ക 20 രൂപയിൽ നിന്ന് ഇരട്ടിയായി 40 രൂപയായും വർദ്ധിച്ചു. കടുത്ത ചൂടിൽ നാരങ്ങാവെള്ളത്തിനും മറ്റും ഡിമാൻഡ് വർദ്ധിക്കുന്നത് കച്ചവടക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു, പലരും ലാഭം കുറഞ്ഞതിനാൽ നാരങ്ങ വിൽക്കാൻ പോലും മടിക്കുന്ന സാഹചര്യമാണുള്ളത്.

വിലക്കയറ്റം രൂക്ഷം
അതേസമയം, കഴിഞ്ഞ 10 വർഷത്തിനിടയിൽ മിക്ക അവശ്യസാധനങ്ങളുടെയും വിലയിൽ 25 മുതൽ 100 ശതമാനം വരെ വർദ്ധനവുണ്ടായതായി സംസ്ഥാന സാമ്പത്തിക-സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മട്ടയരിയുടെ വില ഇക്കാലയളവിൽ ഏകദേശം ഇരട്ടിയായി. 2012 ല്‍ മട്ടയരിയുടെ വില 28 രൂപയായിരുന്നെങ്കില്‍ 2025 ല്‍ ഇത് 51 രൂപയായാണ് വര്‍ധിച്ചത്.

വെളിച്ചെണ്ണ, പഞ്ചസാര, മുട്ട എന്നിവയുടെ വിലയും 2020 ന് ശേഷം വലിയ തോതിൽ ഉയർന്നു. 2020 ല്‍ 194 രൂപയായിരുന്ന വെളിച്ചെണ്ണയുടെ വില 2025 ല്‍ 368 രൂപയായാണ് ഉയര്‍ന്നത്.

ഭക്ഷ്യവസ്തുക്കൾക്കായി മറ്റ് സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് കേരളത്തിന്റെ ഉപഭോഗ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളി. യു.എസ്-ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വിതരണം തടസപ്പെടുന്നതിനാല്‍, പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചാല്‍ ഇത് പച്ചക്കറി വിപണിയെയും ബാധിക്കുമെന്നാണ് കരുതുന്നത്.

പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെയും ശക്തമായ വിപണി ഇടപെടലുകളുടെയും ആവശ്യകതയിലേക്കാണ് ഈ സാഹചര്യം വിരൽ ചൂണ്ടുന്നത്.

X
Top