
ആർബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ സ്കീംപ്രകാരം ബാങ്കിങ് ഉപഭോക്താക്കൾക്കുള്ള പരമാവധി നഷ്ടപരിഹാര പരിധി 20 ലക്ഷത്തിൽ നിന്ന് 30 ലക്ഷം രൂപയായി ഉയർത്തി. ബാങ്കുകൾ, എൻബിഎഫ്സികൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവയുടെ സേവനങ്ങളിലെ പോരായ്മകൾ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് ഇനി മുതൽ ഈ ഉയർന്ന നഷ്ടപരിഹാര തുക ലഭിക്കും. ഉപഭോക്താവിന്റെ സമയനഷ്ടം, നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ, മാനസികവിഷമം എന്നിവ കണക്കിലെടുത്ത് നൽകാവുന്ന അധിക നഷ്ടപരിഹാരത്തുകയും 1 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.
ധനകാര്യ സ്ഥാപനങ്ങളിൽ ആഭ്യന്തര ഓംബുഡ്സ്മാന്മാർക്കും ഇനി നഷ്ടപരിഹാരം വിധിക്കാനുള്ള അധികാരമുണ്ടായിരിക്കും. ബാങ്കുകൾക്ക് ലഭിക്കുന്ന പരാതികളിൽ ഭാഗികമായി പരിഹാരമുണ്ടാവുകയോ, മൊത്തമായി തള്ളുകയോ ചെയ്യപ്പെടുമ്പോഴാണ് ബാങ്കിന്റെ ഭാഗമായ സ്വതന്ത്ര ആഭ്യന്തര ഓംബുഡ്സ്മാൻ ഇവ പരിഗണിക്കുന്നത്. ഉപയോക്താക്കളുടെ പരാതികൾ സ്വതന്ത്ര പരിശോധനയില്ലാതെ തള്ളുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം.
ഉപയോക്താവ് പരാതി നൽകിയാൽ ബാങ്ക് ആദ്യം പരിശോധന നടത്തും. ഇത് പൂർണമായും പരിഹരിച്ചാൽ നടപടി അവിടെ അവസാനിക്കും. പരാതി കൈകാര്യം ചെയ്ത ബാങ്ക് ശാഖകൾക്ക് തന്നെ അവ അവസാനിപ്പിക്കാൻ അധികാരമുണ്ടാകില്ല. പരാതികൾ ഭാഗികമായി തീർപ്പാക്കുകയോ തള്ളുകയോ ചെയ്താൽ സീനിയർ ഉദ്യോഗസ്ഥർ പരിശോധിക്കണം. ഇതിനു ശേഷം തനിയെ ആഭ്യന്തര ഓംബുഡ്സ്മാന്റെ പരിഗണനയ്ക്കെത്തും. ഓംബുഡ്സ്മാൻ 30 ദിവസത്തിനകം ഉപയോക്താവിന് മറുപടി നൽകും.
കേരള ബാങ്കടക്കം നിലവിൽ ആർബിഐ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്റെ പരിധിയിലുണ്ട്. cms.rbi.org.in എന്ന വെബ്സൈറ്റ് വഴിയോ crpc@rbi.org.in എന്ന ഇമെയിൽ വഴിയോ പരാതി അയയ്ക്കാം. പരാതിയുടെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്. ഏതൊക്കെ ബാങ്കുകൾ സംവിധാനത്തിന്റെ പരിധിയിൽ വരുമെന്നും വെബ്സൈറ്റിലൂടെ അറിയാം. സംശയങ്ങൾക്ക് മലയാളം ഉൾപ്പെടെ 10 ഭാഷകളിൽ ടോൾ ഫ്രീ നമ്പർ സൗകര്യമുണ്ട്. ഫോൺ: 14448 (രാവിലെ 9:45 മുതൽ വൈകിട്ട് 5:15 വരെ).






