
മുംബൈ: ഓഹരി നിക്ഷേപകർക്ക് ഒരു ഓഹരിയുടെ നിശ്ചിത ഭാഗത്തില്‍ (ഫ്രാക്ഷണൽ ഷെയർ) നിക്ഷേപിക്കാനുള്ള അവസരം വരുന്നു. ഇതിന് അനുകൂല നിലപാട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) സ്വീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വിപണിയിൽ ഉയര്‍ന്ന മൂല്യമുള്ള ഓഹരികളുടെ ഇടപാട് വര്‍ധിപ്പിക്കാനും അതിലൂടെ ലിക്വിഡിറ്റി കൂട്ടാനും പുതിയ തീരുമാനം ഉപകരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഇക്കാര്യം പരിഗണിച്ചാണ് ഒരു ഓഹരിയുടെ പത്തിലൊന്നോ അഞ്ചിലൊന്നോ മൂല്യത്തില്‍ പോലും ഇടപാട് നടത്താന്‍ സെബി അനുമതി നല്‍കുന്നത്. ഇതോടെ ചെറുകിട നിക്ഷേപകര്‍ക്ക് വിപണിയിൽ ഉയര്‍ന്ന വിലയുളള ഓഹരികളിലെ നിക്ഷേപം എളുപ്പമാകും.
കോര്‍പറേറ്റ് മന്ത്രാലയവും സെബിയും ഇതുസംബന്ധിച്ച് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഫ്രാക്ഷണല്‍ ഷെയറുകള്‍ അനുവദിക്കുന്നതിന് കമ്പനി നിയമത്തിലും ഭേദഗതി വേണ്ടിവരും. ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്കും ചെയ്യാത്ത കമ്പനികള്‍ക്കും ഒരുപോലെയാകും നിയമം ഭേദഗതിചെയ്യുക.
എന്നാല്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്കാകും കൂടുതല്‍ പ്രയോജനം ചെയ്യുക. കമ്പനി ലോ കമ്മറ്റിയാണ് കഴിഞ്ഞവര്‍ഷം ഫ്രാക്ഷണല്‍ ഷെയറുകള്‍ അനുവദിക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്.
ഫ്രാക്ഷണൽ ഷെയർ
ഓഹരി പല അംശങ്ങളായി വീതിച്ച് നിക്ഷേപം നടത്താനുള്ള അവസരമാണ് ഫ്രാക്ഷണല്‍ ഷെയര്‍ അനുവദിക്കുന്നതിലൂടെ ലഭിക്കുക. അതായത് ഓഹരിയുടെ വില 100 രൂപയാണെങ്കില്‍ 10 രൂപ മുടക്കിയാല്‍ 0.10 ശതമാനം നിക്ഷേപം നടത്താം.
എംആര്‍എഫ്, ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ്, പേജ് എന്നിവയാണ് ഇന്ത്യയിലെ ഉയര്‍ന്ന മൂല്യമുള്ള ഓഹരികള്‍. എംആര്‍എഫിന്റെ ഒരു ഓഹരിയുടെ വില ഒരു ലക്ഷത്തിന് മുകളിലാണ്.
ഫ്രാക്ഷണല്‍ ഷെയറുകള്‍ അനുവദിക്കുന്നതിലൂടെ ഈ കമ്പനികളുടെ ഓഹരികളുടെ നിശ്ചിത ഭാഗം കുറഞ്ഞ വിലയില്‍ വാങ്ങാന്‍ നിക്ഷേപകര്‍ക്ക് കഴിയും.
ചെറുകിട നിക്ഷേപകരുടെ ഓഹരി വിപണി പങ്കാളിത്തം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. യുഎസ്, കാനഡ, ജപ്പാന് എന്നിവിടങ്ങളിലെ വിപണികളില്‍ ഫ്രാക്ഷണല്‍ ഷെയറുകളില്‍ നിലവില്‍ ഇടപാട് അനുവദിച്ചിട്ടുണ്ട്.